ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം കവര്‍ നോട്ട്; അടച്ച തുക 'ത്രിശങ്കു'വിലും
ചങ്ങനാശേരി: വാഹന ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം അടച്ച തുകയ്ക്കുള്ള കവര്‍നോട്ട് രേഖയായി നല്‍കി ഉപഭോക്താക്കളെയും സര്‍ക്കാരിനെയും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ കബളിപ്പിക്കുന്നു. കുറഞ്ഞ തുകയ്ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇപ്രകാരം കവര്‍ നോട്ട് നല്‍കിയ ഏതെങ്കിലും വാഹനത്തിന് ക്ലെയിം വരുമ്പോള്‍ മാത്രമേ പോളിസിയാക്കുകയുള്ളൂ. ക്ലെയിം ഇല്ലായെങ്കില്‍ ഉപഭോക്താവില്‍ നിന്നു വാങ്ങുന്ന തുക സര്‍ക്കാരിലേക്ക് പോലും അടയ്ക്കാതെ മുഴുവനും സ്വകാര്യ കമ്പനി സ്വന്തമാക്കുകയാണ് ചെയ്യുന്നത്. ഫലമോ നികുതി ഇനത്തില്‍ സര്‍ക്കാരിന് കിട്ടേണ്ട കോടികള്‍ നഷ്ടവും.
ഓട്ടോറിക്ഷ, ചെറിയ ഗുഡ്‌സ് വാഹനങ്ങള്‍ എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളിലും മറ്റും നേരിട്ടെത്തി കമ്പനിയുടെ ഏജന്റുമാര്‍ മുഖേനയാണ് പ്രവര്‍ത്തനം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെല്ലാം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുക നിശ്ചയിച്ചിരിക്കുന്നത് ഒരേ നിരക്കിലാണ്. ഈ തുകയില്‍ കുറവ് തരാം എന്നു പറഞ്ഞാണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്.
ചെറിയ ഗുഡ്‌സ് വാഹനങ്ങള്‍ക്ക് ഏകദേശം 14,000 രൂപയാണ് ജി.എസ്.ടി അടക്കം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുക. ഇത് എല്ലാ കമ്പനികളും ഒരേ നിരക്കിലാണ് വാങ്ങേണ്ടത്. എന്നാല്‍ ഈ തുകയില്‍ 3,000 രൂപയോളം കുറവ് ചെയ്ത് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം കവര്‍നോട്ട് നല്‍കിയാണ് ഉപഭോക്താക്കളെ വഞ്ചിക്കുന്നത്. പ്രീമിയം കൊണ്ടുവരുന്ന ഏജന്റ് 2000 രൂപ കുറച്ച് കമ്പനിയില്‍ അടച്ചാല്‍ മതി. ഇങ്ങനെ വാങ്ങുന്ന തുക ഉപഭോക്താവിന്റെ പേരില്‍ കമ്പനികള്‍ നിക്ഷേപ തുകയായി വരവ് വയ്ക്കും. പോളിസിയാക്കാതെ ഈ നിക്ഷേപം ഒരു വര്‍ഷം വരെ സൂക്ഷിക്കും.
ഇന്‍ഷുറന്‍സ് തുക എന്ന വ്യാജേന ഉപഭോക്താവില്‍ നിന്നു വാങ്ങുന്ന പണം മുഴുവന്‍ ഓഹരി വിപണിയിലും മറ്റും നിക്ഷേപിച്ച് ഇരട്ടി ലാഭം കൊയ്യുന്ന ഇന്‍ഷുറന്‍സ് കമ്പനികളുമുണ്ട്. ഒരു വര്‍ഷത്തേക്കുള്ള കവര്‍നോട്ട് പോളിസി സര്‍ട്ടിഫിക്കറ്റ് രൂപത്തില്‍ നല്‍കുന്നതിനാല്‍ പൊലിസിനും മോട്ടോര്‍ വാഹന വകുപ്പിനും പെട്ടെന്ന് കണ്ടുപിടിക്കാനും കഴിയില്ല. ക്ലെയിം വരുമ്പോള്‍ പോളിസിയാക്കി മാറ്റുന്നതിനാല്‍ ഉപഭോക്താവും പരാതി പറയില്ല. ഇതാണ് തട്ടിപ്പുകാര്‍ക്ക് തുണയാകുന്നത്.
ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ക്ക് ഇത്തരത്തിലുള്ള തട്ടിപ്പു നടക്കുന്നതായി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് ആരോപണം. ഇത്തരം തട്ടിപ്പുമൂലം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പൊതുമേഖയില്‍ പ്രവര്‍ത്തിക്കുന്ന നാല് ഇന്‍ഷുറന്‍സ് കമ്പനികളും കനത്ത നഷ്ടമാണ് നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."