രണ്ട് പൊലിസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ടു
ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ പൊലിസ് ഓഫസിര്‍മാരായ ഡി.ജി വന്‍സാര, നരേന്ദ്ര കുമാര്‍ അമിന്‍ എന്നിവരെ വെറുതെ വിട്ടു. ഇവര്‍ക്കെതിരായ എല്ലാ കേസുകളും റദ്ദാക്കാന്‍ ഉത്തരവിട്ട പ്രത്യേക സി.ബി.ഐ കോടതി, ശിക്ഷാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന, തടഞ്ഞുവയ്ക്കല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. ഇവരെ വിചാരണ ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്.
വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഡി.ജെ വന്‍സാരക്കും നരേന്ദ്ര കെ. അമിനുമെതിരേയുള്ള കുറ്റങ്ങള്‍ റദ്ദാക്കുകയാണെന്ന് സി.ബി.ഐ കോടതി ജഡ്ജി ജെ. പാണ്ഡ്യ പറഞ്ഞു. ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണത്തിനിടെയുള്ള കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അതേസമയം, ഡി.ജി വന്‍സാരയെയും, നരേന്ദ്ര കെ. അമിനെയും വിട്ടയക്കുന്നത് നീതിക്ക് നിരക്കാത്തതും വസ്തുതക്ക് വിരുദ്ധമാണെന്നും ഇശ്‌റത്ത് ജഹാന്റെ മാതാവ് ശമീമ കൗസര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല.
കേസില്‍ ഗുജറാത്ത് മുന്‍ പൊലിസ് തലവനായ പി.പി പാണ്ഡെയെ കഴിഞ്ഞ വര്‍ഷം വെറുതെ വിട്ടിരുന്നു.
മുംബൈക്കു സമീപമുള്ള മുംബ്ര സ്വദേശിയായ പത്തൊന്‍പതുകാരി ഇശ്‌റത്തിനെയും സുഹൃത്തുക്കളായ മലയാളി ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെയും ഗുജറാത്ത് പൊലിസ് 2004 ജൂണ്‍ 15ന് അഹമ്മദാബാദില്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണ് കേസ്.
അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയെ വധിക്കാനെത്തിയ ലഷ്‌കറെ ത്വയ്ബ ഭീകരസംഘാംഗങ്ങളാണ് ഇവരെന്നായിരുന്നു പൊലിസ് പറഞ്ഞിരുന്നത്. എന്നാല്‍, ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി കേസ് സി.ബി.ഐക്കു വിട്ടത്.സംഭവത്തില്‍ ജി.എല്‍ സിഗ്ലെ, പി.പി പാണ്ഡെ ഉള്‍പ്പെടെ ഏഴ് പൊലിസ് ഉദ്യോഗസ്ഥര്‍ പങ്കാളികളാണെന്ന് കണ്ടെത്തി സി.ബി.ഐ 2013ല്‍ ആദ്യ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."