കൊവിഡ് മസ്തിഷ്‌ക്കത്തെ നേരിട്ട് ബാധിക്കുമെന്ന് പഠനം
വാഷിങ്ടണ്‍: കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പുതിയ പഠനം. കൊവിഡ് സ്ഥിരീകരിച്ചവരിലുണ്ടാകുന്ന രൂക്ഷമായ തലവേദനയും ശരീരത്തിനുണ്ടാകുന്ന തളര്‍ച്ചയും പിച്ചുംപേയും പറയുന്നതും ഇതിന് തെളിവാണെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. യു.എസിലെ യേല്‍ ഇമ്മ്യൂണോളജിസ്റ്റ് അകികോ ഇവാസാകിയുടെ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ശരീരത്തിലെത്തുന്ന കൊവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് ഇവരുടെ പ്രബന്ധത്തില്‍ പറയുന്നു.
തലച്ചോറിലെത്തുന്ന വൈറസ് കോശങ്ങളില്‍ ഓക്‌സിജന്‍ എത്തുന്നത് തടയുമെന്നും ഇതിലൂടെ തലച്ചോറിലെ കോശങ്ങള്‍ നശിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതൊരു പ്രാഥമിക നിരീക്ഷണം മാത്രമാണെന്നും ആഗോള അംഗീകാരം കിട്ടിയിട്ടില്ലെന്നുമാണ് വിവരം.
അതേസമയം പഠനത്തിനായി അകികോയുടെ നേതൃത്വത്തിലുള്ള സംഘം ഉപയോഗിച്ച സാങ്കേതികവിദ്യകളെ അഭിനന്ദിക്കുന്നുവെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ന്യൂറോളജി വിഭാഗം തലവന്‍ പ്രൊഫസര്‍ ആന്‍ഡ്രൂ ജോസഫ്‌സണ്‍ പറഞ്ഞു.
എന്നാല്‍ വൈറസ് നേരിട്ട് തലച്ചോറില്‍ ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സാര്‍സ്-കോവ്-2 വൈറസ് തലച്ചോറിനെ ബാധിക്കുമെന്നതില്‍ അദ്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."