വെനസ്വല അട്ടിമറിയുടെ അരികെ
കരാക്കസ്: ഭരണം അട്ടിമറിക്കാന്‍ യു.എസ് പിന്തുണയോടെ പ്രതിപക്ഷം നീക്കം ശക്തമാക്കിയ വെനസ്വേലയില്‍ സൈന്യം ഒന്നിച്ചുനില്‍ക്കണമെന്ന് പ്രസിഡന്റ് നിക്കോളാസ് മദൂറോ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്‌ദോയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നിരുന്നു. സമരക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പിനിടെ ഒരു യുവതി കൊല്ലപ്പെട്ടു. സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച യുവാന്‍ ഗെയ്‌ദോയെ പിന്തുണച്ച് അമേരിക്ക രംഗത്തുവന്നത് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന രക്തച്ചൊരിച്ചിലിലെത്തിക്കുമെന്നാണ് കരുതുന്നത്. ഗെയ്‌ദോയെ പ്രസിഡന്റായി അംഗീകരിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. സോഷ്യലിസ്റ്റ് രാജ്യമായ വെനസ്വേലയെ തകര്‍ക്കാനാണ് യു.എസ് നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന റാലിയെ അഭിസംബോധന ചെയ്ത പ്രതിപക്ഷ നേതാവ് ഗെയ്‌ദോ സമരക്കാരോട് തെരുവില്‍ നിലയുറപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. സൈന്യത്തില്‍ ഒരു വിഭാഗവും ഗെയ്‌ദോയെ പിന്തുണയ്ക്കുന്നുണ്ട്. രാഷ്ട്രീയ തടവുകാരുടെ മോചനമുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ നമുക്ക് നേടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ആവശ്യമെങ്കില്‍ വെനസ്വേലയില്‍ അമേരിക്ക സൈനികമായി ഇടപെടുമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഇതിനായി ട്രംപ് ഭരണകൂടം ഒരുങ്ങിയതായും അദ്ദേഹം അറിയിച്ചു. മദൂറോക്കു ചുറ്റും തേളുകള്‍ വളഞ്ഞതായും അദ്ദേഹം ഇനി എപ്പോള്‍ അധികാരമൊഴിയുമെന്നത് സമയത്തിന്റെ പ്രശ്‌നം മാത്രമാണെന്നും യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു. യു.എസ് രഹസ്യാന്വേഷണ വിഭാഗവും ഗെയ്‌ദോയെ സഹായിക്കാന്‍ പരസ്യമായി രംഗത്തുണ്ട്. അതേസമയം, റഷ്യ മദൂറോയ്‌ക്കൊപ്പമാണ്.
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ അമേരിക്ക ഇടപെടുന്നതിനെ റഷ്യ രൂക്ഷമായി വിമര്‍ശിച്ചു. യു.എസ് നീക്കം അക്രമാസക്തമായ ഒന്നാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലോറൊ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ ഫോണില്‍ വിളിച്ച് അറിയിച്ചു.
അമേരിക്കയുടെ ഇടപെടല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും റഷ്യ മുന്നറിയിപ്പു നല്‍കി.
അതിനിടെ വെനസ്വേലയിലെ സൈന്യത്തില്‍ പിളര്‍പ്പുണ്ടായതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോ അറിയിച്ചു. മദൂറോയുടെ സോഷ്യലിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തുനിന്ന് ബ്രസീലിലേക്ക് അഭയാര്‍ഥികളായി പോവുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ 850 പേര്‍ കാല്‍നടയായി ബ്രസീലിലെത്തിയതാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."