റദ്ദാക്കിയ ട്രെയിനുകള്‍ പുനഃസ്ഥാപിക്കണം; കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്
തിരുവനന്തപുരം: റദ്ദാക്കിയ പ്രത്യേക തീവണ്ടികള്‍ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന്‍ റയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തെഴുതി. അതേസമയം തീവണ്ടികള്‍ റദ്ദാക്കിയതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ജനശതാബ്ദി അടക്കമുള്ള പ്രത്യേക തീവണ്ടികള്‍ റദ്ദാക്കാനുള്ള റയില്‍വേ ബോര്‍ഡ് തീരുമാനം പുനഃപരിശോധിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് കാരണം ദീര്‍ഘ ദൂര ബസ് സര്‍വിസുകള്‍ ഉള്‍പ്പെടെ ഇല്ലെന്നും ജനങ്ങളുടെ ഏക യാത്രാമാര്‍ഗം അടയ്ക്കരുതെന്നും മന്ത്രി ജി.സുധാകരന്‍ കേന്ദ്രത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.
തീരുമാനം പുനഃപരിശോധിക്കണമെന്ന് ദക്ഷിണ റയില്‍വേയും റയില്‍വേ ബോര്‍ഡിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. നിര്‍ത്തലാക്കിയ ട്രെയിനുകള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്ര റെയില്‍ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
ഇതിനിടെ റെയില്‍വെ തീരുമാനത്തിനെതിരേ യാത്രക്കാരുടെ പ്രതിഷേധവും കനക്കുകയാണ്. കൊവിഡ് പ്രതിസന്ധി കാരണം ഗതാഗതസൗകര്യങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ തീവണ്ടികള്‍ നിര്‍ത്തലാക്കരുതെന്നാണ് യാത്രക്കാരുടെ ആവശ്യം.
സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ട്രെയിനുകള്‍ നിര്‍ത്തലാക്കിയതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ട്രെയിന്‍ സര്‍വിസുകളായ തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, തിരുവനന്തപുരം - കണ്ണൂര്‍, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എന്നിവയാണ് നിര്‍ത്തലാക്കിയത്.
യാത്രക്കാര്‍ കുറഞ്ഞതിനാലാണ് നടപടി. സ്റ്റോപ്പ് കുറച്ചതും റിസര്‍വേഷന്‍ യാത്രക്കാരെ മാത്രം കയറ്റുന്നതുമാണ് ട്രെയിനില്‍ ആളുകള്‍ കുറയാന്‍ കാരണം. യാത്രക്കാരില്ലാത്തതിനാല്‍ ഈ സര്‍വിസുകള്‍ വന്‍ നഷ്ടത്തിലാണെന്നാണ് റെയില്‍വേയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."