കരിപ്പൂരില്‍ നിന്നുള്ള ശൈത്യകാല ഷെഡ്യൂളില്‍ എയര്‍ഇന്ത്യയും
കൊണ്ടോട്ടി: കാത്തിരിപ്പിനൊടുവില്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദ, റിയാദ് മേഖലയിലേക്കുള്ള സഊദി എയര്‍ലൈന്‍സിന്റെ വിമാന ഷെഡ്യൂള്‍ വെള്ളിയാഴ്ച പുറത്തിറങ്ങിയേക്കും. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതിന് ശേഷമുള്ള ആദ്യ സര്‍വിസുകളാണ് സഊദി എയര്‍ലൈന്‍സ് നടത്താനൊരുങ്ങുന്നത്. ഡി.ജി.സി എയുടെ അനുമതിയും സമയസ്ലോട്ട് അംഗീകരിച്ചുള്ള വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചതോടെ വിമാന സമയ ഷെഡ്യൂള്‍ ക്രമീകരണം നടന്നുവരികയാണ്. ഈ മാസം 7ന് വെള്ളിയാഴ്ചയോ 10ന് തിങ്കളാഴ്ചയോ സര്‍വിസ് പ്രഖ്യാപനമുണ്ടാകും. ഇതോടൊപ്പം വിമാന ടിക്കറ്റ് ബുക്കിങും ആരംഭിക്കും. ഷെഡ്യൂള്‍ പ്രഖ്യാപിച്ചാല്‍ സാങ്കേതിക തടസമില്ലെങ്കില്‍ സെപ്റ്റംബര്‍ അവസാനത്തോടെ സര്‍വിസ് ആരംഭിക്കാനാകും. അതിനിടെ എയര്‍ ഇന്ത്യയും കരിപ്പൂരില്‍ നിന്നുള്ള ശൈത്യകാല ഷെഡ്യൂളില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ മാസം അവസാനത്തോടെ എയര്‍ ഇന്ത്യയുടെ ഷെഡ്യൂള്‍ പുറത്തിറങ്ങിയേക്കും.
ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ ഏഴ് സര്‍വിസുകളാണ് കരിപ്പൂരില്‍ നിന്ന് സഊദി എയര്‍ലൈന്‍സ് നടത്തുക. ഇതില്‍ അഞ്ച് സര്‍വിസുകള്‍ ജിദ്ദയിലേക്കും രണ്ടെണ്ണം റിയാദിലേക്കുമായിരിക്കും. ബോയിംങ് 77-200, എയര്‍ബസ് 330-300 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് സര്‍വിസിനെത്തുക. ആദ്യഘട്ടത്തില്‍ പകല്‍സമയത്താണ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദ, റിയാദ് മേഖലയിലേക്കുള്ള എയര്‍ഇന്ത്യയുടെ സര്‍വിസുകളും അടുത്തമാസം ആരംഭിക്കുമെന്നാണ് വിവരം. വിമാന ഷെഡ്യൂള്‍ ക്രമീകരിച്ചുവരികയിലാണ്.
കരിപ്പൂരില്‍ 2015 ഏപ്രില്‍ 30ന് റണ്‍വേ റീ-കാര്‍പ്പറ്റിങിന്റെ പേരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ക്കാണ് മൂന്ന് വര്‍ഷത്തിന് ശേഷം വ്യോമയാന മന്ത്രാലയം അനുമതി നല്‍കുന്നത്. ഇതോടെ മലബാറില്‍ നിന്ന് സഊദി സെക്ടറിലേക്കുള്ള 11.5 ലക്ഷം യാത്രക്കാരുടെയും ഉംറ, ഹജ്ജ് തീര്‍ഥാടകരുടേയും പ്രതീക്ഷയാണ് സഫലമാകുന്നത്. നിലവില്‍ റിയാദിലേക്കും ദമാമിലേക്കും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വിസുകളുണ്ട്. എന്നാല്‍ ചെറിയ വിമാനങ്ങള്‍ക്ക് ഇടത്താവളമില്ലാതെ നേരിട്ട് പറക്കാന്‍ കഴിയാത്തതിനാല്‍ ജിദ്ദ സര്‍വിസ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. എയര്‍ഇന്ത്യ 2002 മുതലും സഊദി എയര്‍ലെന്‍സ് 2009 മുതലാണ് കരിപ്പൂരില്‍ ജിദ്ദ, റിയാദ് മേഖലയിലേക്ക് സര്‍വിസ് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."