അഭിമാനപൂര്‍വം അഞ്ചാം വര്‍ഷത്തിലേക്ക്
ഇന്നു സെപ്റ്റംബര്‍ ഒന്ന്
നാലുവര്‍ഷം മുന്‍പ് ഇതുപോലൊരു സെപ്തംബര്‍ ഒന്നിനാണു സുപ്രഭാതം പിറന്നത്.
നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു സുപ്രഭാതത്തില്‍ 'സുപ്രഭാതം' മലയാളത്തിനു സമര്‍പ്പിച്ചു. ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. അതൊരു സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു. 'സമസ്ത' പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി മനസില്‍ താലോലിച്ച സ്വപ്നം യാഥാര്‍ഥ്യമായ ദിവസം.
മാധ്യമപ്പെരുപ്പമുള്ള നാട്ടില്‍ പുതിയൊരു പത്രത്തിനു പ്രസക്തിയെന്തെന്നു പലരും സംശയിച്ചു. ഉറ്റവര്‍ പോലും ഇതു സാഹസമാണെന്നു വിലക്കി. പ്രതികൂലപ്രതികരണങ്ങളെല്ലാം അവഗണിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 'എടുത്തുചാടാന്‍' തന്നെ തീരുമാനിച്ചു. പണ്ഡിതസഭയുടെ തീരുമാനം നിറഞ്ഞ ഹൃദയത്തോടെ നെഞ്ചേറ്റാന്‍ കേരളം തയാറായി. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ അങ്ങനെ സുപ്രഭാതത്തിനു കഴിഞ്ഞു.
സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ കൈമെയ് മറന്നു പ്രചാരണപ്രവര്‍ത്തനം നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തകര്‍ അതിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. അവര്‍ വീടുകള്‍ കയറിയിറങ്ങി. അക്ഷരസ്‌നേഹികളായ പതിനായിരക്കണക്കിന് മദ്‌റസാധ്യാപകര്‍ പത്രത്തിനു വരിക്കാരെ ചേര്‍ക്കുന്ന കാഴ്ചകണ്ടു കേരളം പുളകമണിഞ്ഞു. സുപ്രഭാതത്തിന്റെ പ്രചാരണക്കുതിപ്പിന്റെ ക്രെഡിറ്റ് പൂര്‍ണമായും അവര്‍ക്കവകാശപ്പെട്ടതാണ്.
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ചെയര്‍മാനും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ജനറല്‍ കണ്‍വീനറുമായ ഡയരക്ടര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തന മികവ് ശ്ലാഘനീയമായിരുന്നു. മൂന്ന് എഡിഷന്‍ എന്ന തീരുമാനം നാലും അഞ്ചും ആറുമായി. ആദ്യദിവസം തന്നെ ആറ് എഡിഷനുകളോടെ തുടങ്ങിയ പത്രമെന്ന റിക്കാര്‍ഡ് സുപ്രഭാതത്തിന്റേതു മാത്രമായി. മാസങ്ങള്‍ക്കുള്ളില്‍ ഗള്‍ഫ് എഡിഷന്‍ വേണമെന്ന ആവശ്യം അവിടെനിന്നുയര്‍ന്നു. 'നാട്ടില്‍ ചുവടുറപ്പിച്ചശേഷം പരിഗണിക്കാമെന്ന് ' ചെയര്‍മാന്‍ സ്‌നേഹപൂര്‍വം മറുപടി പറഞ്ഞു.
കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ വിയോഗാനന്തരം പുതിയ ചെയര്‍മാനായി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ചുമതലയേറ്റു. സമസ്തയുടെ പ്രസിഡന്റ് തന്നെ സുപ്രഭാതത്തിന്റെ സാരഥ്യമേറ്റെടുത്തപ്പോള്‍ അണികളില്‍ വലിയ ആവേശമുണ്ടായി. ജീവനക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സുപ്രഭാതം പത്രാധിപര്‍ ഡോ. ബഹാഉദീന്‍ മുഹമ്മദ് നദ്‌വി എന്നിവര്‍ കൂടി ഡയരക്ടര്‍ ബോര്‍ഡിന്റെ തലപ്പത്തെത്തിയതു പത്രത്തിന്റെ കരുത്ത് വര്‍ധിപ്പിച്ചു.
മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഗള്‍ഫ് എഡിഷന്‍ പ്രഖ്യാപിച്ചു. പ്രഥമ ഗള്‍ഫ് എഡിഷന്‍ ഖത്തറില്‍ നിന്ന്. ഖത്തറില്‍ സഫാരി ഗ്രൂപ്പ് ഡയരക്ടറും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദിന്റെയും എ.വി അബൂബക്കര്‍ ഖാസിമിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നുവരുന്നു. നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പാലക്കാട് എഡിഷന്‍ പ്രഖ്യാപിച്ചതു മാസങ്ങള്‍ക്കു മുന്‍പാണ്. അഞ്ചാം പിറന്നാള്‍ ദിനത്തില്‍ പാലക്കാട് എഡിഷന്‍ ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. ദൗര്‍ഭാഗ്യകരമായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസത്തേയ്ക്കു മാറ്റിയിരിക്കുകയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും സുപ്രഭാതത്തിനു വലിയ വളക്കൂറുള്ള പാലക്കാട് എഡിഷന്‍ വന്‍വിജയമാക്കാനുള്ള തീവ്രശ്രമത്തിലാണ്.
അഭിമാനപൂര്‍വമാണ് അഞ്ചാംവര്‍ഷത്തിലേക്ക് കാലൂന്നുന്നത്. അര്‍പ്പണബോധവും ആത്മാര്‍ഥതയുമുള്ള ജീവനക്കാരുടെ പ്രവര്‍ത്തനം ഈ മഹാ വിജയത്തിന്റെ മുഖ്യഘടകമാണ്. കലവറയില്ലാതെ പിന്തുണച്ച് ഇതിന്റെ പ്രചാരണമേറ്റെടുത്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സുപ്രഭാതം ബന്ധുക്കള്‍ക്ക് നല്ല ബോധ്യമുണ്ട് ഇതു സ്വന്തം പത്രമാണെന്ന്. കാലത്തിന്റെ വിളികള്‍ക്ക് കാതോര്‍ത്ത് പരുക്കേല്‍ക്കാതെ സുപ്രഭാതത്തെ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തിക്കാന്‍ സര്‍വശക്തന്റെ അനുഗ്രഹത്തോടെ നമുക്കു കഴിയും. അതിനായി ഒരു മനസോടെ അചഞ്ചലമായി 'മലയാളത്തിന്റെ സുകൃത'ത്തിനായി കര്‍മനിരതരാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."