മെസ്സി ജ്വലിച്ചു; ബാഴ്‌സ ജയിച്ചു
ബാഴ്‌സലോണ: ലയണല്‍ മെസ്സിയെന്ന സൂപ്പര്‍ താരത്തിന്റെ കരുത്തില്‍ ചാംപ്യന്‍സ് ലീഗിന്റെ ആദ്യപാദ സെമിയില്‍ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തകര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മാസ്മരിക പ്രകടനത്തിന്റെ കരുത്തിലായിരുന്നു ബാഴ്‌സയുടെ ജയം. മത്സരത്തിന് മുമ്പ് ലോകത്തെ ഏറ്റവും മികച്ച പ്രതിരോധക്കാരനും ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനും തമ്മിലുള്ള മത്സരമാണെന്നായിരുന്നു ബാഴ്‌സ-ലിവര്‍പൂള്‍ പോരാട്ടത്തെ വിശേഷിപ്പിച്ചിരുന്നത്.
എന്നാല്‍ രണ്ട് ദിവസം മുമ്പ് മാത്രം പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ താരത്തെ കാഴ്ചക്കാരനാക്കി രണ്ട് ഗോളുകളാണ് മെസ്സി സ്വന്തമാക്കിയത്. മറ്റൊരു ഗോള്‍ ലൂയീസ് സുവാരസും സ്‌കോര്‍ ചെയ്തു. സീസണിലെ ഏറ്റവും മികച്ച മത്സരത്തിന് സാക്ഷിയാകാനും കാംപ്നൗവിന് കഴിഞ്ഞു. ഏറ്റവും കരുത്തരായ പ്രതിരോധനിരയുമായെത്തിയ ലിവര്‍പൂളിനെതിരേ സ്വപ്നതുല്യമായ ഗോളുമായാണ് മെസ്സി കളംനിറഞ്ഞത്. 26-ാം മിനുട്ടില്‍ സ്പാനിഷ് താരം അലാബയുടെ പാസ് സ്‌ലൈഡിങ്ങിലൂടെ വലയിലെത്തിച്ച് ബാഴ്‌സലോണ കാംപ്നൗവില്‍ ആദ്യ വെടിപൊട്ടിച്ചു.
കൃത്യമായ പാസും കൃത്യമായ ഫിനിഷിങ്ങും നാല് സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയായി. ലിവര്‍പൂള്‍ കീപ്പര്‍ക്ക് പന്തില്‍ നോക്കാന്‍ പോലും അവസരം നല്‍കാതെയായിരുന്നു സുവാരസിന്റെ ഗോള്‍. ഗോള്‍മടക്കാനായി ലിവര്‍പൂള്‍ മുന്നേറ്റനിര നിരന്തരം ബാഴ്‌സയുടെ ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു. എന്നാല്‍ ബാഴ്‌സയുടെ കീപ്പര്‍ ടെര്‍ സ്റ്റീഗന്റെ മായാജാലമാണ് ലിവര്‍പൂളിന് പലപ്പോഴും ഗോള്‍ നിഷേധിച്ചത്.
ഗോളെന്നുറച്ച നാല് അവസരങ്ങളാണ് സ്റ്റീഗന്‍ തട്ടി അകറ്റിയത്. ഗോള്‍ നേടുന്നതിനായി കളം നിറഞ്ഞ ലിവര്‍പൂള്‍ 15 തവണ ബാഴ്‌സന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഒറ്റ പന്ത് പോലും വലയിലെത്തിക്കാനായില്ല. കൂടുതല്‍ സമയത്തും ലിവര്‍പൂളിന്റെ കൈയിലായിരുന്നു പന്ത് എങ്കിലും ഗോള്‍മാത്രം നേടാനായില്ല.
ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡില്‍ ബാഴ്‌സ പിരിഞ്ഞു. രണ്ടാം പകുതിക്ക് ശേഷം ലിവര്‍പൂള്‍ ആത്മവിശ്വാസം കൈവിടാതെ പൊരുതിക്കൊണ്ടിരുന്നു. കടുത്ത മാര്‍ക്കിങ്ങിന് വിധേയനായ മെസ്സിക്ക് ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റമുണ്ടാണ്ടക്കാന്‍ ലിവര്‍പൂള്‍ അവസരം നല്‍കിയില്ല. എന്നാല്‍, കളിയുടെ അവസാനമാകുമ്പോഴേക്കും മെസ്സി ലിവര്‍പൂള്‍ പ്രതിരോധത്തെ കീറിമുറിക്കുന്ന കാഴ്ചയായിരുന്നു കാംപ്നൗവില്‍ അരങ്ങേറിയത്. 75-ാം മിനുട്ടില്‍ മെസ്സി തുടങ്ങിവച്ച ഒരു മുന്നേറ്റമാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. സുവാരസിന്റെ റീബൗ@ണ്ട് പിടിച്ചെടുത്താണ് മെസ്സി ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയത്. ഇതോടെ ബാഴ്‌സ ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലെത്തി.
82-ാം മിനുട്ടില്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോളും പിറന്നു. ഡി ബോക്‌സിന് മുന്നില്‍നിന്ന് ലഭിച്ച പന്ത് അത്ഭുത ഫ്രീകിക്കിലൂടെ ഏറ്റവും മികച്ച ഗോള്‍കീപ്പറേയും കീഴടക്കി പോസ്റ്റിന്റെ ഇടത് മൂലയില്‍ പ്രവേശിച്ചു. ഗോളാകാന്‍ ചാന്‍സുണ്ടായിരുന്ന ഒരേയൊരു വഴിയില്‍ കൂടി മെസ്സി അത് സുന്ദരമായി നടപ്പാക്കി ബാഴ്‌സയെ മൂന്ന് ഗോള്‍ ലീഡിലെത്തിച്ചു. ആദ്യപാദത്തിലെ മൂന്നുഗോള്‍ വിജയം ബാഴ്‌സലോണയ്ക്ക് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കുന്നതാണ്. രണ്ട@ാംപാദ സെമി മെയ് ഏഴിന് ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ട@ായ ആന്‍ഫീല്‍ഡില്‍ നടക്കും.
നാലുഗോളിനെങ്കിലും ജയിക്കാതെ ലിവര്‍പൂളിന് ഫൈനല്‍ കാണാനാകില്ല. അതേസമയം, കഴിഞ്ഞ സീസണില്‍ റോമയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സ രണ്ടാം പാദത്തില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു. ആന്‍ഫീല്‍ഡിലെ മത്സരത്തില്‍ ജാഗ്രതയോടെയല്ലെങ്കില്‍ ബാഴ്‌സക്ക് പുറത്തേക്കുള്ള വഴി തെളിയും. ഏറ്റവും ശക്തമായ മുന്നേറ്റനിരയുള്ള ലിവര്‍പൂള്‍ രണ്ടും കല്‍പിച്ചാണ് രണ്ടാം പാദത്തിന് ഇറങ്ങുക.
മെസ്സിക്ക് 600-ാം ഗോള്‍
കഴിഞ്ഞ ദിവസത്തെ ഇരട്ട ഗോളോടെ ബാഴ്‌സലോണക്ക് വേണ്ടി മെസ്സി 600 ഗോളുകള്‍ സ്വന്തമാക്കി. 683 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 600 ഗോളെന്ന നേട്ടത്തിലെത്തിയത്. 2004 മുതലാണ് ബാഴ്‌സക്ക് വേണ്ടി മെസ്സി കളിക്കുന്നത്. ഈ സീസണില്‍ ഇതുവരെ 46 മത്സരത്തില്‍നിന്ന് 48 ഗോളുകളാണ് മെസ്സി സ്വന്തമാക്കിയത്.
500 തികച്ച് ബാഴ്‌സലോണ
ചാംപ്യന്‍സ് ലീഗില്‍ 500 ഗോളുകള്‍ തികക്കുന്ന രണ്ടാമത്തെ ടീമായി ബാഴ്‌സലോണ. ഇന്നലെ ലിവര്‍പൂളിനെതിരേയുള്ള മത്സരത്തില്‍ ലൂയിസ് സുവാരസ് ആദ്യ ഗോള്‍ നേടിയതോടെയാണ് ബാഴ്‌സലോണ 500 ഗോള്‍ എന്ന നേട്ടം മറികടന്നത്. ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ സുവാരസിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. മത്സരത്തില്‍ ര@ണ്ടു ഗോള്‍ കൂടി നേടി ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗിലെ മൊത്തം ഗോള്‍ നേട്ടം 502 ആക്കിയിരുന്നു. റയല്‍ മാഡ്രിഡിന് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ടീമാണ് ബാഴ്‌സ.
ബാഴ്‌സലോണ നേടിയ 502 ഗോളുകളില്‍ 112 എണ്ണവും നേടിയത് മെസ്സിയാണ്. 551 തവണ ചാംപ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയ റയല്‍ മാഡ്രിഡാണ് പട്ടികയില്‍ മുന്‍പിലുള്ളത്. 457 ഗോളുകള്‍ നേടിയ ബയേണ്‍ മ്യൂണിക്കാണ് മൂന്നാം സ്ഥാനത്ത്.
മെസ്സിയെ
വണങ്ങുന്നു: ക്ലോപ്പ്
ബാഴ്‌സലോണക്കെതിരേ ലിവര്‍പൂള്‍ പുറത്തെടുത്തത് ഏറ്റവും മികച്ച പ്രകടനം. ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച പ്രകടനമായിരുന്നു എന്റെ ടീം പുറത്തെടുത്തത്. പക്ഷെ അത് വന്നത് ബാഴ്‌സലോണക്ക് എതിരേ ആയി എന്നത് സങ്കടകരം ആണ്. ബാഴ്‌സലോണ അത്രയ്ക്ക് വലിയ ടീമാണെന്നും ക്ലോപ്പ് പറഞ്ഞു.
ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയിരുന്നു. മെസ്സിയുടെ ഇരട്ട ഗോളുകള്‍ ആയിരുന്നു ലിവര്‍പൂളിന് തിരിച്ചടി ആയത്. മെസ്സിയുടെ ഫ്രീകിക്ക് ഒരു വിധത്തിലും തടയാന്‍ ആകുമായിരുന്നില്ലയെന്ന് ക്ലോപ്പ് പറഞ്ഞു. ആ ഫ്രീകിക്ക് ഒഴികെ മെസ്സിയെ നന്നായി ഡിഫന്‍ഡ് ചെയ്യാന്‍ ലിവര്‍പൂളിനായി. ക്ലോപ്പ് പറഞ്ഞു.
ചില സമയങ്ങളില്‍ മെസ്സി എത്ര വലിയ താരമാണ് എന്ന് എല്ലാവരും അംഗീകരിച്ച് അദ്ദേഹത്തെ വണങ്ങേണ്ടതുണ്ടെന്നും ക്ലോപ്പ് പറഞ്ഞു. മത്സരം അവസാനിച്ചിട്ടില്ലെന്നും അടുത്ത ആഴ്ച ആന്‍ഫീല്‍ഡില്‍ കാണാമെന്നും ക്ലോപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."