ജനകീയ പദ്ധതികള്‍ക്കു വേഗം കൂട്ടണമെന്ന് സര്‍ക്കാരിനോട് സി.പി.എം
തിരുവനന്തപുരം: ഇടതുമുന്നണിയെയും സര്‍ക്കാരിനെയും നിരന്തരം വിവാദങ്ങള്‍ പിന്തുടരുമ്പോള്‍ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ജനകീയ പ്രതിരോധം തീര്‍ക്കാനൊരുങ്ങി സി.പി.എം. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ പദ്ധതികള്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രിക്കു പാര്‍ട്ടി നിര്‍ദേശം നല്‍കി.
പാര്‍ട്ടി മന്ത്രിമാര്‍ അവരുടെ വകുപ്പുകളില്‍ ചെയ്ത കാര്യങ്ങള്‍ പ്രത്യേകം തയാറാക്കണം. തദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പായി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കണം. ലൈഫ് മിഷന്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാക്കാന്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കണം.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആരോപണവിധേയനാകുന്നതുവരെ ഇടതു സര്‍ക്കാരിന്റെ ഗ്രാഫ് മികച്ചതായിരുന്നെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കേ കാര്യങ്ങള്‍ പ്രതികൂലമാകുന്നു. ഇപ്പോള്‍ ബംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് മണിക്കൂറുകളോളം ചോദ്യം ചെയ്തതു പാര്‍ട്ടി നേതൃത്വത്തെ വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്. ഇങ്ങനെ ഒന്നിനുപിറകെ ഒന്നായി വിവാദങ്ങളുണ്ടാകുന്നത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നെന്ന അഭിപ്രായം ഭൂരിപക്ഷം നേതാക്കള്‍ക്കുമുണ്ട്.
വിവാദങ്ങളെ അതിന്റെ വഴിക്കുവിട്ട് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ശക്തമായ പ്രചാരണം സംഘടിപ്പിച്ചാല്‍ നിലവിലെ പ്രതിരോധാവസ്ഥ മാറുമെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്.
സര്‍ക്കാരിനെതിരേ ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം സി.പി.ഐക്കു ശക്തമായ പ്രതിഷേധവും അതൃപ്തിയുമുണ്ട്. നയപരമായ കാര്യങ്ങള്‍ പോലും ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന പ്രതിഷേധം നേരത്തെ തന്നെ അവര്‍ പ്രകടിപ്പിച്ചതുമാണ്. അധികാരം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്നെന്ന വിമര്‍ശനവും സി.പി.ഐക്കുണ്ട്. സി.പി.ഐ മന്ത്രിമാര്‍ അവരുടെ വകുപ്പുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശം പാര്‍ട്ടി ബന്ധപ്പെട്ട മന്ത്രിമാര്‍ക്കു നല്‍കിയിട്ടുണ്ട്. പട്ടയത്തിന് അപേക്ഷിച്ചവര്‍ക്ക് വരുംമാസങ്ങളില്‍ പരമാവധി പട്ടയം നല്‍കാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 18നു ചേരുന്ന ഇടതുമുന്നണി യോഗം സര്‍ക്കാരിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ വിശദമായി പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."