ചീഞ്ഞുനാറി നഗരം ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി കടലാസില്‍
കണ്ണൂര്‍: നഗരസഭയില്‍ നിന്നു കോര്‍പറേഷനായി ഉയര്‍ത്തിയിട്ടും കണ്ണൂര്‍ നഗരത്തിലെ മാലിന്യ പ്രശ്‌നത്തിനു അറുതിയില്ല. മാലിന്യസംസ്‌കരണത്തിനുള്ള മാര്‍ഗങ്ങള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും എല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങി. ഇതോടെ റോഡരികും തുറസായ പ്രദേശവും മാലിന്യ കേന്ദ്രങ്ങളായി. കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മാലിന്യങ്ങള്‍ തോന്നിയപോലെ വലിച്ചെറിയുന്ന സ്ഥിതിയാണ്. വീടുകളില്‍ നിന്നു പ്ലാസ്റ്റിക് കവറുകളില്‍ മാലിന്യങ്ങള്‍ ഫൂട്പാത്തുകളില്‍ ഉള്‍പ്പെടെ ഉപേക്ഷിച്ചു പോവുകയാണ്.
ഇത്തരത്തിലുള്ള പ്രവണതകള്‍ക്കെതിരേ ബോധവല്‍ക്കരണ പരിപാടികളും മറ്റും നടത്താറുണ്ടെങ്കിലും നാട്ടുകാരുടെ സമീപനത്തില്‍ യാതൊരു മാറ്റവുമില്ല. മാലിന്യ നിര്‍മാര്‍ജനത്തിനായി വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രഖ്യാപിച്ച ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കാന്‍ ഇതുവരെ കഴിയാത്തത് മാലിന്യങ്ങള്‍ കുന്നുകൂടാന്‍ കാരണമായി. അധികൃതരുടെ ഭാഗത്തു നിന്നുള്ള വലിയ വീഴ്ചയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ നഗരത്തിലെ ഭൂരിഭാഗം കച്ചവടസ്ഥാപനങ്ങളും സ്വന്തം നിലയ്ക്ക് മാലിന്യങ്ങള്‍ കൂട്ടിവയ്ക്കുന്നുണ്ട്. എന്നാല്‍ ഇവ എങ്ങനെ സംസ്‌കരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് കച്ചവടക്കാര്‍.
ഇതോടെ മിക്ക കെട്ടിടങ്ങളുടെയും പിന്നിലും തുറസായ സ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടിയിട്ടുണ്ട്. ഇതു നീക്കം ചെയ്യുന്നതിനു ഇതുവരെ കൃത്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ കോര്‍പറേഷന്റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടായിട്ടില്ല. വരുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഉറവിട മാലിന്യ സംസ്‌കരണം വീണ്ടും പ്രാവര്‍ത്തികമാക്കാന്‍ നീക്കം നടക്കുന്നുണ്ട്.
മാലിന്യ സംസ്‌കരണം മുഖ്യ വിഷയമാക്കി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."