വോട്ടര്‍ പട്ടികയില്‍ നിന്നും യു.ഡി.എഫ് വോട്ടര്‍മാരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കി: വി.ഡി സതീശന്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടി തയാറാക്കിയ അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് യു.ഡി.എഫിനു വോട്ടുചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കിയെന്ന് വി.ഡി സതീശന് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എല്ലാ ബൂത്തുകളില്‍ നിന്നും സ്ഥിരതാമസക്കാരായിട്ടുള്ള 20 പേരുകള്‍ വരെ അപ്രത്യക്ഷമായിട്ടുണ്ട്. ഇത്തരത്തില്‍ സംസ്ഥാനത്താകെ 80 ശതമാനം വരെ പേരുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ പോലും അറിയാതെയാണ് തിരിമറി. ഇതിനെതിരേ ആദ്യഘട്ടത്തില്‍ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനുകളെയും പിന്നീട് കോടതിയെയും സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതില്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കള്‍ക്കും പങ്കുണ്ട്. സ്ഥലത്ത് സ്ഥിരതാമസമുള്ള ആളുകളുടെ വോട്ടുകള്‍ ഇല്ലാതാക്കിയത് മനഃപൂര്‍വമാണെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ എല്ലാ മണ്ഡലങ്ങളില്‍ നിന്നും ഇത്തരത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഉടന്‍ ഇതുസംബന്ധിച്ച് പരാതി നല്‍കും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ ജയിലിലാകുംവരെ പ്രതിഷേധം തുടരുമെന്നും വി.ഡി സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."