ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ വിമാനത്താവളങ്ങളില്‍ പിടിമുറുക്കുന്നു
നെടുമ്പാശ്ശേരി: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ ഗള്‍ഫ് നാടുകളിലേക്ക് കഞ്ചാവ് കടത്തുന്നത് വ്യാപകമാകുന്നു.
ഷാര്‍ജയിലേക്കു കടത്താന്‍ ശ്രമിച്ച അഞ്ചു കിലോഗ്രാം കഞ്ചാവ് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ് വിഭാഗം പിടികൂടിയിരുന്നു. കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് കടത്ത് ലോബി പ്രവര്‍ത്തിക്കുന്നതെന്നാണ് നാര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന വിവരം. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നത്. വിദേശത്തു ജോലിയും വിമാന ടിക്കറ്റും സൗജന്യമായി വാഗ്ദാനം ചെയ്താണ് വിദേശത്തേക്ക് കഞ്ചാവ് എത്തിക്കാനുള്ള കാരിയര്‍മാരെ കണ്ടെത്തുന്നത്. തങ്ങളുടെ കൈവശം കഞ്ചാവ് തന്നയയ്ക്കുന്നുണ്ടെന്ന് പലര്‍ക്കുമറിയില്ല.
പ്രത്യേകമായി പായ്ക്ക് ചെയ്ത ചിപ്‌സാണെന്ന വ്യാജേനയാണ് ഇത് ബാഗേജില്‍ ഒളിപ്പിക്കുന്നത്. വിമാനത്താവളങ്ങളില്‍ പിടിക്കപ്പെടുമ്പോഴാണ് തങ്ങള്‍ കെണിയിലകപ്പെട്ട വിവരം പലരും അറിയുന്നത്. എന്നാല്‍ മറ്റു ചിലരെ കാര്യങ്ങള്‍ പറഞ്ഞ് തന്നെ കാരിയര്‍മാരായി നിയോഗിക്കുന്നുമുണ്ട്.
ഇത്തരക്കാര്‍ക്ക് ടിക്കറ്റും ജോലിയും തരപ്പെടുത്തി നല്‍കുന്നതിനു പുറമെ പണവും നല്‍കും. വിദേശത്തേക്കു കടത്തുന്ന ലഹരിവസ്തുക്കള്‍ വില്‍പന നടത്തി ലഭിക്കുന്ന തുകയ്ക്ക് സ്വര്‍ണം വാങ്ങി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതായും അന്വേഷണോദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ലഹരിവസ്തുക്കള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ പിടിക്കപ്പെട്ടാല്‍ വന്‍ ശിക്ഷയാണ് ലഭിക്കുക. കാരിയര്‍മാരാകുന്ന പലരും ഇതിന്റെ ഗൗരവം ശരിയായി മനസ്സിലാക്കാതെയാണ് ഇതിനായി തയാറാകുന്നത്. അറിഞ്ഞും അറിയാതെയും ലഹരി കടത്ത് സംഘത്തില്‍ കണ്ണികളായ നിരവധി പേരാണ് വിവിധ ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."