ഫീസടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ് ഇല്ല; വാട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്ന് പുറത്താക്കി സ്വകാര്യ സ്‌കൂളുകള്‍
തിരുവനന്തപുരം: കൊവിഡ് കാലത്ത് ഫീസ് പിരിവില്‍ പുതിയ തന്ത്രങ്ങളുമായി സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്വകാര്യ സ്‌കൂളുകളാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ പേരില്‍ ഫീസ് പിരിവ് ഊര്‍ജിതമാക്കിയത്. സ്‌കൂളുകള്‍ തുറന്നില്ലെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകളുടെ പേരില്‍ ഫീസ് പിരിവിന് യാതൊരു കുറവുമില്ല.
ലോക്ക്ഡൗണ്‍ സമയത്ത് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകളാണ് നിലവിലുള്ളത്. വാട്‌സ് ആപ്പ് വഴിയാണ് മിക്ക സ്‌കൂളുകളും അധ്യയനം നടത്തുന്നത്. ഓരോ ക്ലാസിലെയും കുട്ടികളുടെ രക്ഷിതാക്കളുടെ ഗ്രൂപ്പുണ്ടാക്കി അതിലൂടെ പാഠഭാഗങ്ങള്‍ അവതരിപ്പിക്കും. പരീക്ഷ വരെ ഇത്തരത്തില്‍ ഓണ്‍ലൈനായാണ് നടത്തുന്നത്. ക്ലാസ് ഇങ്ങനെയൊക്കെയാണെങ്കിലും ഫീസ് കൃത്യമായും നല്‍കണം. സമയത്ത് ഫീസ് നല്‍കാത്ത കുട്ടികളുടെ നമ്പറുകള്‍ ഈ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കും. ഫീസ് അടയ്‌ക്കേണ്ട സമയത്ത് ഇക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ട് ഗ്രൂപ്പുകളില്‍ മെസേജ് അയച്ച് ഭീഷണിപ്പെടുത്തും. ഇങ്ങനെ ഫീസ് പിരിച്ചെടുക്കലാണ് പുതിയ രീതി.
എല്‍.കെ.ജി മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളോടാണ് ഫീസ് അടയ്ക്കാന്‍ ഓണ്‍ലൈന്‍വഴിയും ഫോണ്‍സന്ദേശം വഴിയും സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.
ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ്, കംപ്യൂട്ടര്‍ ഫീസ്, ലാബ് ഫീസ്, സ്മാര്‍ട്ട് ക്ലാസ് ഫീസ് തുടങ്ങിയ പേരുകളിലാണ് പണപ്പിരിവ്. ഇതില്‍ ഓണ്‍ലൈന്‍വഴി പഠിപ്പിക്കുന്നതിന് ട്യൂഷന്‍ ഫീ നല്‍കാന്‍ രക്ഷിതാക്കള്‍ തയാറാണ്. എന്നാല്‍ മുഴുവന്‍ ഫീസും ഭീഷണിപ്പെടുത്തി ഈടാക്കുകയാണ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."