വറുതിക്ക് ആശ്വാസം കടപ്പുറത്തുത്സവമായി ചാകര...ചാകര...
തൃക്കരിപ്പൂര്‍: വറുതിയുടെ നാളുകളില്‍ കടലിന്റെ മക്കള്‍ക്ക് ആശ്വാസം പകര്‍ന്നു കാസര്‍കോടന്‍ തീരങ്ങളില്‍ ചാകര. കഴിഞ്ഞ ദിവസം മുതലാണ് ചെമ്മീനും വേളൂരിയും ചാകരയായി പ്രത്യക്ഷപ്പെട്ടത്. തൈക്കടപ്പുറം, കാസര്‍കോട്, ബേക്കല്‍ തീരങ്ങളില്‍ നിന്നു മത്സ്യ ബന്ധനത്തിനു പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇഷ്ടം പോലെ ചെമ്മീനും വേളൂരിയും കിട്ടിയത്. കോഴിക്കോട് ചോമ്പാലയിലും കണ്ണൂര്‍ പുതിയങ്ങാടിയിലും വേളൂരി മത്സ്യം കഴിഞ്ഞ ഒരാഴ്ചയായി ലഭ്യമാകുന്നുണ്ട്.
പ്രാദേശികമായി കൊങ്ങിണിയന്‍ എന്നു പേരുള്ള വേളൂരി മത്സ്യത്തിനു കിലോയ്ക്ക് രണ്ടു ദിവസം മുന്‍പ് മാര്‍ക്കറ്റില്‍ 200 രൂപ ഈടാക്കിയ സ്ഥാനത്ത് ഇന്നലെ നൂറു രൂപയാണു വില. ഇതോടൊപ്പം മാര്‍ക്കറ്റുകളില്‍ ചെമ്മീന്റെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഔഷധ ഗുണവും ആവശ്യക്കാര്‍ ഏറെയുള്ളതുമായ മത്സ്യമാണ് വേളൂരി.
ട്രോളിങ്ങ് നിരോധനം വന്നതോടെ മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് വേളൂരിയും മത്തിയും ജില്ലയില്‍ എത്തിയിരുന്നത്. പരമ്പരാഗതമായി വള്ളത്തിലേറി മത്സ്യം പിടിക്കുന്ന തൊഴിലാളികള്‍ക്ക് വറുതിയുടെ കാലത്ത് ഒരു പരിധിവരെ ആശ്വാസമായിട്ടുണ്ട്. വലിയപറമ്പ തീരങ്ങളിലും ചാകരയുണ്ടെങ്കിലും ഉയരത്തിലുള്ള തിരമാലകള്‍ ഈ പ്രദേശത്തു നിന്നു വള്ളത്തില്‍ മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. സാധാരണ നിലയില്‍ മത്തിയും ചെമ്മീനുമാണ് ചാകരയായി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും വേളൂരി വളരെ അപൂര്‍വമായി മാത്രമേ കണ്ടുവരാറുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."