ശാന്തിയുടെ തണലിലേക്ക് മൂന്ന് നിരാലംബര്‍ കൂടിയെത്തി: ആശുപത്രിയില്‍ കെട്ടിവെച്ചത് രണ്ടരക്കോടി രൂപ
അഗളി : ആരോഗ്യവും സമ്പത്തും ഉണ്ടായിരുന്ന കാലത്ത് കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ രോഗാവസ്ഥയില്‍ കൈവിട്ടപ്പോല്‍ ഇനി മരണം മാത്രം ബാക്കിയെന്ന് കരുതി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മൂന്നു ഹതഭാഗ്യര്‍ ഇനി അട്ടപ്പാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സ്‌നേഹത്തണലില്‍ സുരക്ഷിതരാണിപ്പോള്‍.
സ്‌ട്രോക്ക് വന്ന് മൃതപ്രായരായി കിടന്നതോടെ ഉറ്റവരും ഉടയവരും കൈവിട്ട് ദുബൈയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞ മൂന്നു ഇന്ത്യക്കാരേയാണ് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഉമാപ്രേമന്റെ ഹൃദയ വിശാലതയില്‍ മാതൃരാജ്യത്തെ സ്‌നേഹത്തണലിലേക്ക് എത്തിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശി ബൈജുനാഥ്, പഞ്ചാബ് സ്വദേശി സുധീന്ദ്രകുമാര്‍, തിരുവനന്തപുരം സ്വദേശി സുരേഷ് എന്നിവരാണ് കഴിഞ്ഞദിവസം അഗളിയിലെ ശാന്തിഇന്‍ഫര്‍മേഷന്‍ സെന്ററിലെ പുനരധിവാസ ചികിത്സാ കേന്ദ്രത്തിലെത്തിയത്.
പ്രത്യേക വിമാനത്തിലാണ് മൂന്നുപേരേയും കോയമ്പത്തൂര്‍ വരെയും തുടര്‍ന്ന് അട്ടപ്പാടിയിലേക്ക് ആംബുലന്‍സിലും എത്തിച്ചത്. പത്തുവര്‍ഷത്തോളം ദുബൈയില്‍ ജോലി ചെയ്ത ബൈജുനാഥ് സ്‌ട്രോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ദുബൈ റാഷിദീയ ആശുപത്രിയില്‍ കഴിഞ്ഞ 15മാസമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
രോഗിയുടെ കൂട്ടിരിപ്പിന് ആളില്ലാതെയും മരുന്നുകള്‍ക്കും ചികിത്സാ ചെലവും നല്‍കാനും ആളില്ലാതെയും 15 മാസം അവര്‍ മികച്ച ചികിത്സ തന്നെ നല്‍കിയെങ്കിലും തുടര്‍ന്ന് അത് പ്രയാസമാണെന്നും ആരെങ്കിലും ബൈജുനാഥിനെ ഏറ്റെടുക്കണമെന്നും അഭ്യര്‍ത്ഥിച്ച് ആശുപത്രി അധികൃതര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചിരുന്നു. എന്നാല്‍ സുരേഷ് ഒഴികെ രണ്ടുപേരും ഇതര സംസ്ഥാനക്കാരായതിനാല്‍ മലയാളി സമാജങ്ങള്‍ സഹായത്തില്‍ നിന്നും പിന്‍മാറി. ഇതേ തുടര്‍ന്ന് എംബസി ഉദ്യോഗസ്ഥര്‍ ശാന്തി ഡയറക്ടര്‍ ഉമാപ്രേമനെ സഹായം അഭ്യര്‍ത്ഥിച്ച് സമീപിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ബൈജുനാഥ്, സുധീന്ദ്രകുമാര്‍ സുരേഷ് എന്നിവരുടെ തുടര്‍ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടുവന്നതോടെ മൂവരും അട്ടപ്പാടിയിലെത്തുകയാണുണ്ടായത്.
ബൈജുനാഥിനായി 50 ലക്ഷം രൂപയാണ് ശാന്തി സെന്റര്‍ ആശുപത്രി അധികൃതര്‍ക്ക് ചികിത്സാ ചെലവിലേക്ക് നല്‍കിയത്. സൗദി ജര്‍മന്‍ ആശുപത്രിയിലായിരുന്നു 30 വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്തിരുന്ന പഞ്ചാബ് സ്വദേശി സുധീന്ദ്രകുമാര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സ്‌ട്രോക്ക് ബാധിച്ച സുധീന്ദ്രകുമാറിന് ആശുപത്രിയില്‍ അടക്കേണ്ടിയിരുന്നത് ഒന്നരക്കോടി രൂപയായിരുന്നു. ഒരു വര്‍ഷമായി ഇയാള്‍ ഇവിടെ ചികിത്സയിലാണ്.
ദുബൈയില്‍ അദ്ദേഹത്തിന്റെ മകന്‍ ഉണ്ടെങ്കിലും ഇത്രയും വലിയ തുക കൊടുക്കാനാവാത്തിനാല്‍ മകന്‍ അച്ഛനെ തള്ളിപ്പറയുന്ന സാഹചര്യവും ഉണ്ടായി. സുധീന്ദ്രകുമാര്‍ തന്റെ പിതാവല്ലെന്ന നിലപാടാണ് മകന്‍ സ്വീകരിച്ചത്. തിരുവനന്തപുരം സ്വദേശി സുരേഷിന് റാഷിദീയ ആശുപത്രിയില്‍ 56 ലക്ഷമാണ് അടക്കേണ്ടിയിരുന്നത്.
ഈ തുകയെല്ലാം ഉമാപ്രേമന്‍ ഗള്‍ഫ്‌മേഖലയിലും അല്ലാത്തതുമായ സമാന മനസ്‌കരില്‍ നിന്നും സ്വരൂപിച്ചാണ് ആശുപത്രിയില്‍ അടച്ച് മൂന്നുരോഗികളേയും കേരളത്തിലേക്ക് എത്തിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ രീതിയില്‍ പാറ്റ്‌ന സ്വദേശി പ്രദീപ് എന്നയാളെ അഗളിയില്‍ കൊണ്ട് വന്നിരുന്നു.
ഇയാളുടെ മരണത്തിനു ശേഷം വിമാനമാര്‍ഗം മൃതദേഹം നാട്ടിലെത്തിക്കുകയാണുണ്ടായത്. മൂന്നുപേരേയും നാട്ടിലെത്തിക്കുന്നതിന് ഉമാപ്രേമനൊപ്പം തൃശൂര്‍ വാടാനപ്പള്ളി സ്വദേശി നാസറും പട്ടാമ്പി സ്വദേശി നിസാറും പ്രയത്‌നിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."