രാഷ്ട്രീയക്കൊലയില്‍ തോല്‍ക്കുന്ന കേരളം
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയ കൊലപാതകങ്ങളെ ചേര്‍ത്തുവായിക്കുന്നത് അശ്ലീല പദമായി മാറിക്കൊണ്ടിരിക്കുകയാണ് വര്‍ത്തമാന കേരളത്തില്‍. ഓരോ കൊലപാതകങ്ങള്‍ കഴിയുമ്പോഴും മനുഷ്യസ്‌നേഹികള്‍ ആത്മാര്‍ഥമായി കൊതിച്ചുപോകും ഇത് അവസാനത്തേതായിരുന്നുവെങ്കിലെന്ന്. എന്നാല്‍, കൃത്യമായ ഇടവേളകളിട്ടുകൊണ്ട് സംസ്ഥാനത്ത് രാഷ്ട്രീയ മേലങ്കിയിട്ട കൊലപാതകങ്ങള്‍ അഭംഗുരം തുടരുകയാണ്. വെട്ടേറ്റു വീഴുന്ന ഓരോ ഇരകളും അവര്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ ക്രിയാശേഷിയും മൂലധനവുമാണ് വര്‍ധിപ്പിക്കുന്നതെന്ന് അറിയുന്നില്ല. എന്നാല്‍, പാര്‍ട്ടി നേതൃത്വങ്ങള്‍ ഓരോ കൊലപാതകത്തെയും വിലയിരുത്തുന്നത് അങ്ങനെയാണ് എന്നു വേണം കരുതാന്‍. അല്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്ത് എന്നേ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കുമായിരുന്നു. അഴിമതിക്കാരും സ്വര്‍ണക്കടത്തുകാരും മയക്കുമരുന്ന് കച്ചവടക്കാരും ബിനാമി ബിസിനസുകാരുമായി പരിണമിച്ചു കൊണ്ടിരിക്കുന്ന പാര്‍ട്ടി നേതൃത്വങ്ങളെക്കുറിച്ചും അവരുടെ ബന്ധുക്കളെക്കുറിച്ചും മരിക്കാനും കൊല്ലാനും നടക്കുന്ന അണികള്‍ക്ക് തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം സംസ്ഥാനത്തെ രാഷ്ട്രീയക്കൊലപാതകങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല.
ഒഞ്ചിയം സ്വദേശി ടി.പി ചന്ദ്രശേഖരനെന്ന റെവലൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് വടകരക്കടുത്ത വള്ളിക്കാട് വച്ച് അതി ഭീകരമാംവിധം വെട്ടേറ്റ് കൊല്ലപ്പെട്ടപ്പോള്‍, കൊന്നവരെയും കൊല്ലിച്ചവരെയും മുടക്കോഴിമല വരെ താണ്ടി കേരള പൊലിസ് പിടികൂടി. അപ്പോള്‍ കേരളം ആശ്വസിച്ചു, ഇനിമേല്‍ കേരളത്തില്‍ രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഉണ്ടാവില്ലെന്ന്. എന്നാല്‍, പിന്നീടും കൊലപാതകങ്ങള്‍ അരങ്ങേറുകയായിരുന്നു. എം.എസ്.എഫ് നേതാവായിരുന്ന തളിപ്പറമ്പ് പട്ടുവം സ്വദേശി അരിയില്‍ അബ്ദുല്‍ ശുക്കൂറിനെ മണിക്കൂറുകളോളം വിചാരണ ചെയ്താണ് കൊലപ്പെടുത്തിയത്. കണ്ണൂരിലെ എടയന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബും കൊല്ലപ്പെട്ടത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു. വൈകാതെ പെരിയയില്‍ ദരിദ്ര കുടുംബത്തില്‍പെട്ട രണ്ട് യുവാക്കള്‍ വീണ്ടും കൊലക്കത്തിക്ക് ഇരയായ വാര്‍ത്തയാണ് കേരളത്തിന് കേള്‍ക്കാന്‍ കഴിഞ്ഞത്. ഈ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വാദിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു കോടികള്‍ ഒഴുക്കിയത് വലിയ വാര്‍ത്തയായിരുന്നു. സുപ്രിം കോടതിയില്‍ നിന്നാണ് കോടികള്‍ ചെലവാക്കി അഭിഭാഷകരെ കൊണ്ടുവന്നത്.
പെരിയ ഇരട്ടക്കൊലക്കേസിന്റെ ഞെട്ടലില്‍ നിന്നും കേരളം മുക്തമാകാന്‍ തുടങ്ങുമ്പോഴാണ് വെഞ്ഞാറംമൂടില്‍ വീണ്ടുമൊരു ഇരട്ടക്കൊലപാതകം നടന്നത്. ഇവിടെ നിത്യജോലിക്കാരായ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. ഇപ്പോഴിതാ കണ്ണൂരില്‍ കണ്ണവത്ത് ആര്‍.എസ്.എസുകാരാല്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു. ഓരോ കൊലപാതകങ്ങളും നടന്നുകഴിഞ്ഞാല്‍ കൊലയാളികള്‍ തങ്ങളുടെ പാര്‍ട്ടിക്കാരല്ലെന്ന് പറഞ്ഞ് അതത് പാര്‍ട്ടി നേതൃത്വങ്ങള്‍ കൈ കഴുകാറുമുണ്ട്. പെരിയയില്‍ കൈ കഴുകിയതുപോലെ. വെഞ്ഞാറംമൂടില്‍ കൈ കഴുകുന്നതുപോലെ. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരത്തെ തന്നെ കൈകഴുകാന്‍ കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ മാശാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ചതുപോലെ.
രാഷ്ട്രീയ പ്രവര്‍ത്തനം ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയും പിന്നീടത് ധനസമ്പാദനത്തിനുള്ള മാര്‍ഗമായും പാര്‍ട്ടികള്‍ക്ക് മേല്‍ക്കോയ്മയും നേതാക്കള്‍ക്ക് പാര്‍ട്ടികളില്‍ അധീശത്വം ഉറപ്പിക്കാനുള്ള എളുപ്പവഴിയായും പരിണമിക്കപ്പെട്ടതോടെയാണ് കൊലപാതക രാഷ്ട്രീയം സംസ്ഥാനത്തിന്റെ ശാന്തിയും സമാധാനവും തല്ലിക്കെടുത്താന്‍ തുടങ്ങിയത്. ഇവിടെ ആരും ജയിക്കുന്നില്ല. തോല്‍ക്കുന്നേയുള്ളൂ. ആശയങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന അത്യാഹിതങ്ങളാണ് ഓരോ കൊലപാതകവും. ഓരോ ചെറുപ്പക്കാരനും കൊലക്കത്തിക്കിരയാകുമ്പോള്‍ അയാളുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളും ഭാര്യയും മാതാപിതാക്കളുമാണ് അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്നത്. മരിച്ചു കിടക്കുന്ന അനുയായിയുടെ ശവമഞ്ചത്തിനരികെ ദുഃഖഭാരാഭിനയത്തോടെ എത്തുന്ന നേതാക്കളുടെയും പരിവാരങ്ങളുടെയും തിരക്കൊഴിഞ്ഞാല്‍ പിന്നെ കുടുംബത്തിന്റെ അനാഥത്വത്തെക്കുറിച്ച് ആരും അന്വേഷിക്കാറില്ല. മകന്‍ നഷ്ടപ്പെട്ടതിന്റെ, അച്ഛന്‍ നഷ്ടപ്പെട്ടതിന്റെ, ഭര്‍ത്താവ് നഷ്ടപ്പെട്ടതിന്റെ വേദന ഈ കുടുംബത്തിന്റെ നെഞ്ചില്‍ ഉണങ്ങാത്ത മുറിവായി എന്നെന്നും നീറിക്കൊണ്ടിരിക്കും. അങ്ങനെ എത്രയെത്ര കുടുംബങ്ങള്‍ കൊലക്കത്തിക്കിരയായ തങ്ങളുടെ ഉറ്റവരെയോര്‍ത്ത് ഇന്നും കണ്ണീരൊഴുക്കിക്കൊണ്ടിരിക്കുന്നു.
വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയെന്ന ശക്തമായ രാഷ്ട്രത്തെ മുട്ടുകുത്തിച്ച വിയറ്റ്‌നാമിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന ഹോ ചി മിന്‍ 1958ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. തന്നെ സന്ദര്‍ശിച്ച രാഷ്ട്രീയ നേതാക്കളോട് എന്താണ് തൊഴിലെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ആര്‍ക്കും മറുപടിയുണ്ടായില്ല. രാഷ്ട്രീയ പ്രവര്‍ത്തനം ഉപജീവനമാര്‍ഗമായി സ്വീകരിച്ചവരായിരുന്നു അവര്‍. താന്‍ ഉപജീവനത്തിനായി രാവിലെ കൃഷിപ്പണിക്കിറങ്ങിയാല്‍ അതു കഴിഞ്ഞതിനു ശേഷമാണ് രാഷ്ട്ര സേവനത്തിനിറങ്ങാറ് എന്ന ഹോ ചി മിന്റെ വിശദീകരണങ്ങളൊന്നും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെ ചിന്തിപ്പിക്കുകയോ ചലിപ്പിക്കുകയോ ഉണ്ടായില്ല. ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും ദുരിതമനുഭവിക്കുന്നവന്റെ വിളിക്കു ഉത്തരം നല്‍കുന്നതിനു പകരം, ഓരോ സാമ്രാജ്യം കെട്ടിപ്പടുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനായി പ്രതിയോഗികളുടെ ജീവനെടുക്കാനോ അംഗവൈകല്യം വരുത്താനോ യാതൊരു അറപ്പുമില്ല. കള്ളക്കടത്തിനും മയക്കുമരുന്ന് വ്യാപാരത്തിനുമുള്ള മറയായി കേരള രാഷ്ട്രീയം പരുവപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പരിസരത്തില്‍ ഇത്തരം ശക്തികള്‍ വളരുകയേയുള്ളൂ. തളരുകയില്ല. തളരണമെങ്കില്‍ താന്‍ വിശ്വാസമര്‍പ്പിച്ച പാര്‍ട്ടി മാഫിയാസംഘമായി വളരുന്നതിനെതിരേ ചോദ്യം ചെയ്യാനുള്ള ആത്മധൈര്യം ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ഉണ്ടാകണം. അതിനു കഴിയില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ചാവേറാകാതിരിക്കാനെങ്കിലും തീരുമാനിക്കണം. അത്തരമൊരു തിരിച്ചറിവ് രാഷ്ട്രീയപ്പാര്‍ട്ടി അണികള്‍ക്ക് ഉണ്ടാകാത്തിടത്തോളം കേരളത്തില്‍ രാഷ്ട്രീയക്കൊലപാതകങ്ങളെന്ന് പേരിട്ടു വിളിക്കുന്ന അരുംകൊലകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. അവസാനിക്കാത്ത അസംബന്ധ രാഷ്ട്രീയ നാടകം പോലെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."