ബസ് ബ്രേക്കിട്ടു , പിന്നിലിടിച്ചത് ഡ്രൈവറുടെ മോഷണംപോയ ബൈക്ക്
കൊച്ചി: യാത്രക്കാരെ കയറ്റാന്‍ കെ.എസ്.ആര്‍.ടി.സി ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നിലിടിച്ചത് തന്റെ തന്നെ മോഷണം പോയ ബൈക്കായിരിക്കുമെന്ന് ഡ്രൈവര്‍ ബിജു അനിസ് സേവ്യറന്നെല്ല ആരും കരുതില്ല. എന്നാല്‍ ഇന്നലെ തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ നടന്ന ഒരു ചെറിയ അപകടം സിനിമയിലെ തമാശ സീനിനേയും വെല്ലുന്നതായിരുന്നു.
മണിക്കൂറുകള്‍ക്ക് മുന്‍പ് മോഷണം പോയ തന്റെ ബൈക്ക് തിരിച്ചുകിട്ടാന്‍ ഒരപകടം ഇടയാക്കിയ 'സന്തോഷം' കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക്. ചമ്മല്‍ വിട്ടുമാറാതെ ബൈക്ക് മോഷ്ടാവും, ചിരിയടക്കാനാകാതെ നാട്ടുകാരും.
ഇന്നലെ ഉച്ചക്ക് 1.30 നാണ് കോട്ടയം ഡിപ്പോയിലെ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഡ്രൈവര്‍ ബിജു അനിസ് സേവ്യറിന്റെ ബൈക്ക് മോഷണം പോകുന്നത്. ഉടന്‍ തന്നെ കോട്ടയം വെസ്റ്റ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് വൈകിട്ട് 4.10ന് കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് സര്‍വിസ് നടത്തുന്ന ബസില്‍ ബിജു ഡ്യൂട്ടിക്ക് കയറി. ഉദയംപേരൂരില്‍വച്ച് യാത്രക്കാര്‍ കൈകാണിച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോള്‍ ഒരു ബൈക്ക് ബസിന്റെ പിറകില്‍ വന്നിടിക്കുകയായിരുന്നു.
അപകടം നടന്നതോടെ ബസ് നിര്‍ത്തി പുറത്തിറങ്ങിയ ബിജുവിനോട് ബൈക്ക് ഓടിച്ചിരുന്നയാള്‍ തനിക്ക് പരാതിയില്ലെന്നും ബസില്‍ ആളുകള്‍ ഉള്ളതല്ലേ പൊയ്‌ക്കോളൂവെന്നും പറഞ്ഞു. എന്നാല്‍ ബസിന് എന്തെങ്കിലും കേടുപാടുകളുണ്ടോ എന്ന് നോക്കുന്നതിനിടയിലാണ് ബൈക്ക് ശ്രദ്ധിക്കുന്നതും തന്റെ മോഷണം പോയ വണ്ടിയാണെന്ന് ബിജുവിന് സംശയം തോന്നിയതും. നമ്പര്‍ പരിശോധിച്ചപ്പോള്‍ തന്റെ തന്നെ ബൈക്കാണെന്ന് വ്യക്തമായി. ബിജു ഉടന്‍ നാട്ടുകാരെ വിളിച്ചുകൂട്ടുകയും ഉദയംപേരൂര്‍ പോലിസില്‍ വിവരം അറിയിക്കുയും ചെയ്തു. പൊലിസ് സ്ഥലത്തെത്തി ബൈക്കും ഓടിച്ചിരുന്ന ചങ്ങനാശ്ശേരി സ്വദേശി ജോജിയേയും കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത കോട്ടയം വെസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവിടെ നിന്നും പൊലിസുകാരെത്തി ജോജിയെ കോട്ടയത്തേക്ക് കൊണ്ടുപോയി.
പിടികൂടുന്ന സമയം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ധരിക്കുന്ന നീല യൂനിഫോമിലായിരുന്നു പ്രതി. അപകടത്തിലൂടെയാണെങ്കിലും തന്റെ ബൈക്ക് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ബിജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."