ഫോനി ഒഡീഷ തീരത്തേക്ക്; 13 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
പാറ്റ്‌ന: ഒഡീഷ തീരത്തേക്ക് ഫോനി ചുഴലിക്കാറ്റ് അടുക്കുന്നു. 11.5 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നും രണ്ടിനുമിടെ ഒഡിഷയിലെ പുരിക്ക് തെക്ക് കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. മണിക്കൂറില്‍ 200 കിലോമീറ്റാവും കാറ്റിന്റെ വേഗമെന്നും കണക്കാക്കുന്നു.
രാജ്യത്ത് ഇരുപത് വര്‍ഷത്തിനു ശേഷമണ് ഇത്രയും അതിശക്തമായ ചുഴലിക്കാറ്റ് വീശുന്നത്. സുരക്ഷാര്‍ഥം പതിനായിരം ഗ്രാമങ്ങളും 52 പട്ടണങ്ങളും പിന്നാലെ വിമാനത്താവളവും അടച്ചു. കൂടാതെ പാറ്റ്‌ന - എറണാകുളം എക്‌സ്പ്രസ്സുള്‍പ്പെടെ കൊല്‍ക്കത്ത - ചെന്നൈ റൂട്ടിലെ 223 തീവണ്ടികള്‍ റദ്ദാക്കി.
ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്), ഒഡീഷ ദുരന്ത ദ്രുതകര്‍മസേന (ഒ.ഡി.ആര്‍.എഫ്), അഗ്നിശമന സേന തുടങ്ങിയവ രക്ഷാദൗത്യത്തിനായി രംഗത്തുണ്ട്. ഭുവനേശ്വറില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ നിര്‍ത്തിവെച്ചു. കാലാവസ്ഥ അനുകൂലമാകുന്നതോടെയേ ഇവ പുനരാരംഭിക്കൂ. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാന്‍ റെയില്‍വേ മൂന്നു പ്രത്യേക തീവണ്ടികള്‍ ഓടിച്ചു.
20 വര്‍ഷം മുമ്പ് 1999ല്‍ വീശിയ ചുഴലിക്കാറ്റില്‍ പതിനായിരത്തോളം പേരാണ് ഒഡീഷയില്‍ മരിച്ചത്.
ഒഡീഷയിലെ ഗഞ്ജം, ഗജപതി, ഖുദ്ര, പുരി, ജഗത്‌സിങ്പുര്‍, കേന്ദ്രപഡ, ഭദ്രക്, ജാജ്പുര്‍, ബാലസോര്‍ എന്നിവിടങ്ങളെയും ബംഗാളിലെ കിഴക്കും പടിഞ്ഞാറും മേദിനിപുര്‍, തെക്കും വടക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, ഝാര്‍ഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളെയും ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളെയും കാറ്റ് ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."