'യു.പി.എ.സ്.സി ജിഹാദ്' വിദ്വേഷമില്ലെന്ന് കേന്ദ്രം; ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്ത മുസ്‌ലിം വിരുദ്ധ പരിപാടി പ്രക്ഷേപണം ചെയ്യാന്‍ സുദര്‍ശന്‍ ടിവിക്ക് മോദി സര്‍ക്കാറിന്റെ അനുമതി
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്ത മുസ്‌ലിം വിദ്വേഷ പരിപാടി പ്രക്ഷേപണം ചെയ്യാന്‍ സുദര്‍ശന്‍ ടിവിക്ക് അനുമതി നല്‍കി കേന്ദ്രം. യു.പി.എസ്.സിയിലേക്ക് മുസ്‌ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്കാണ് കേന്ദ്രം അനുമതി നല്‍കിയത്. പരിപാടി മുസ്‌ലിം വിദ്വേഷം പരത്തുന്നതാണെന്ന പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
വിവാദപരിപാടി സംബന്ധിച്ച സുദര്‍ശന്‍ ടിവി അധികൃതര്‍ നല്‍കിയ വിശദീകരണം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ്. സുദര്‍ശന്‍ ടി.വി നിയമവിരുദ്ധമായി ഒന്നും സംപ്രേഷണം ചെയ്തിട്ടില്ലെന്നും പ്രോഗ്രാം കോഡ് ലംഘിച്ചിട്ടില്ലെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ചാനല്‍ ഏതെങ്കിലും തരത്തിലുള്ള പ്രോഗ്രാം കോഡ് ലംഘിച്ചാല്‍ അതിനെതിരേ നിയമനടപടിയെടുക്കുമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്യുന്ന ബിന്ദാസ് ബോല്‍ പരിപാടി ഒരു നിയമവും ലംഘിക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന് നല്‍കിയ വിശദീകരണത്തില്‍ ചാനല്‍ അധികൃതര്‍ അവകാശപ്പെട്ടത്.
ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് അടുത്തിടെയായി മുസ്‌ലിം ഓഫിസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്ന സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെയുടെ വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെയാണ് ഹൈക്കോടതി പരിപാടി സ്റ്റേ ചെയ്തത്. ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു നടപടി.
ഈ അടുത്ത കാലത്തായി മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണെന്നാണ് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ചാനലിന്റെ പരിപാടിയില്‍ ചോദിക്കുന്നു. ഈ തസ്തികകളിലേക്ക് മുസ്‌ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം 'യു.പി.എസ്.സി ജിഹാദാ'ണെന്നും ഇയാള്‍ ആരോപിച്ചിരുന്നു.ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഇത്തരം ഉയര്‍ന്ന തസ്തികയിലെത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താകും? സുരേഷ് ചവെങ്ക പരാമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."