പ്രളയമൊഴിഞ്ഞപ്പോള്‍ ജലമില്ല; പ്രതിസന്ധിയൊഴിയാതെ കര്‍ഷകര്‍
മുക്കം: പ്രളയദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട കര്‍ഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി ജലലഭ്യതക്കുറവ്. പുഴകളില്‍ വേനല്‍ക്കാലത്തിനു സമാനമായ രീതിയില്‍ ജലനിരപ്പ് താഴ്ന്നതാണു പ്രതിസന്ധിക്ക് കാരണം. മൂന്നു മാസത്തിനിടെ മൂന്നുതവണകളിലായി ഉണ്ടായ വെള്ളപ്പൊക്ക ദുരിതം കാര്‍ഷിക മേഖലക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്.
ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം ഏക്കര്‍കണക്കിനു കൃഷി നശിച്ചിരുന്നു. ഈ ദുരന്തത്തില്‍നിന്ന് കരകയറാന്‍ കര്‍ഷകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇരുട്ടടിയായി ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. വയലുകളിലും പറമ്പുകളിലുമെല്ലാം വാഴകൃഷിക്കായി തയാറെടുക്കുന്ന കര്‍ഷകര്‍ക്കാണ് ജലക്ഷാമം വലിയ തിരിച്ചടിയാകുന്നത്. ജില്ലയില്‍ ഏറ്റവുമധികം വാഴ കര്‍ഷകരുള്ള മാവൂര്‍, പെരുവയല്‍, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലായി കര്‍ഷകര്‍ വീണ്ടും കൃഷിയിടത്തിലേക്ക് മടങ്ങിയപ്പോഴാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. പല കര്‍ഷകരും വാഴ കൃഷി നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും ആവശ്യമായ വെള്ളം കിട്ടാത്തതിനാല്‍ കൃഷി പല സ്ഥലത്തും നിര്‍ത്തിവച്ചിരിക്കുകയാണ്.
മാവൂര്‍-ചെറൂപ്പ-ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ വെള്ളപ്പൊക്കം മൂലം ഉയര്‍ത്തിയിരുന്നു. ഈ ഷട്ടര്‍ താഴ്ത്തിയാല്‍ പുഴയോര പ്രദേശങ്ങളിലെങ്കിലും വെള്ളം കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ ഷട്ടര്‍ താഴ്ത്തണമെന്ന് ഒരുവിഭാഗം കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കാലവര്‍ഷത്തെ തുടര്‍ന്ന് കരകവിഞ്ഞിരുന്ന ജില്ലയിലെ മിക്ക പുഴകളും ഇപ്പോള്‍ വേനല്‍കാലത്തിനു സമാനമായ രീതിയില്‍ വെള്ളം വറ്റിയ അവസ്ഥയിലാണ്. ഇതുമൂലം കിണറുകളടക്കമുള്ള ജലാശയങ്ങളിലെ ജലവിതാനവും കുത്തനെ താഴ്ന്നിട്ടുണ്ട്.
ജില്ലയില്‍ പല കര്‍ഷകര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണു പ്രളയം വരുത്തിവച്ചത്. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി സ്വദേശി ഹരിദാസന് നഷ്ടമായത് 35,00 ഓളം വാഴകളാണ്. ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തായിരുന്നു ഇദ്ദേഹം കൃഷി ഇറക്കിയിരുന്നത്. സുഹൃത്തുക്കളില്‍ നിന്നും മറ്റും കടം വാങ്ങി വീണ്ടും വാഴകൃഷി തുടങ്ങാനുള്ള അദ്ദേഹത്തിന്റെ ഉദ്യമമാണു ജലക്ഷാമം മൂലം ആശങ്കയിലായത്. ഇത്തരത്തില്‍ നിരവധി കര്‍ഷകരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."