അമ്പലവയല്‍ ആശുപത്രി: ഉടന്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കല്‍പ്പറ്റ: അമ്പലവയല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അടിയന്തരമായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കി. ആശുപത്രിയിലെ മോര്‍ച്ചറിക്കായി ഫ്രീസറും മറ്റാവശ്യങ്ങള്‍ക്കായി ജനറേറ്ററും ഉടന്‍ സ്ഥാപിക്കണമെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് വൈദ്യുതി ബോര്‍ഡിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
ഉത്തരവ് നടപ്പിലാക്കി ശേഷം രണ്ട് മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും ഉത്തരവിലുണ്ട്. 70 വര്‍ഷം പഴക്കമുള്ള ആശുപത്രിയില്‍ ആദിവാസികളാണ് അധികവും ചികിത്സയ്‌ക്കെത്തുന്നത്. ആശുപത്രിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ 15 കെവി ജനറേറ്റര്‍ സ്ഥാപിക്കാന്‍ അമ്പലവയല്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു.
ഇതിനുവേണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് അമ്പലവയല്‍ പഞ്ചായത്ത് 1,07,000 രൂപ 2014ല്‍ വൈദ്യുതി ബോര്‍ഡില്‍ അടച്ചെങ്കിലും ഇതുവരെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടില്ല. കരാറുകാരെ കിട്ടാത്തതു കാരണമാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ കഴിയാത്തതെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം.
ഓട്ടോമാറ്റിക് ജനറേറ്റര്‍ സിസ്റ്റം സ്ഥാപിച്ചതിനാല്‍ ജനറേറ്റര്‍ പ്രവര്‍ത്തന സജ്ജമാണെന്നും വൈദ്യുതി ബോര്‍ഡ് കമ്മിഷനെ അറിയിച്ചു. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ കാലതാമസം വരുത്തിയാല്‍ ആദിവാസികളുടെ അവകാശങ്ങളാണ് ലംഘിക്കുന്നതെന്ന് കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
സാങ്കേതിക കാരണങ്ങളാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചില്ലെന്ന ന്യായീകരണം സ്വീകരിക്കാനാവില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."