കുഞ്ഞുങ്ങള്‍ക്ക് സ്വാന്തനമായി ടി.കെ.എം സഹായ പദ്ധതി
കൊല്ലം: മഹാ പ്രളയത്തില്‍ പഠന സൗകര്യങ്ങള്‍ നഷ്ട്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പഠനം തുടരുവാന്‍ ആവശ്യമായ സാമഗ്രികള്‍ അടങ്ങുന്ന സ്‌കൂള്‍ കിറ്റുകള്‍ അതാത് വിദ്യാലയങ്ങളിലെത്തി വിതരണം ചെയ്യുന്ന 'ബാക് ടു സ്‌കൂള്‍' പദ്ധതിയുമായി കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍.
പ്രളയ ജലം പോലെ വന്നു നിറഞ്ഞ ദുരന്തചിത്രങ്ങള്‍ക്കിടയില്‍ നിന്ന് കണ്ണീരുറയുന്ന ഒരു ചിത്രമാണ് ഈ സംരംഭത്തിന് പ്രേരണയായത്. ആര്‍ത്തലച്ചെത്തിയ പ്രളയ ജലം മായിച്ചു കളഞ്ഞ സ്വന്തം പുസ്തകങ്ങളിലെ മഷിയടയാളങ്ങളിലേക്ക് വേദനയോടെ നോക്കി നില്‍ക്കുന്ന കുഞ്ഞനുജന്റെയും കുഞ്ഞനുജത്തിയുടെയും നവാര്‍ന്ന ചിത്രം. ഒപ്പം, ദുരന്തത്തില്‍ പഠന സൗകര്യങ്ങള്‍ നഷ്ട്ടമായ കുട്ടികള്‍ക്ക് അത് നല്‍കുവാനുള്ള ഉത്തരവാദിത്വം പൂര്‍വ്വ വിദ്യാര്‍ഥികള്‍ എറ്റെടുക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളും.
ഒരു ബാഗും കുടയും ഇന്‍സ്ട്രുമെന്‍ഡ് ബോക്‌സും ചോറ്റുപാത്രവും കുടിവെള്ളക്കുപ്പിയും ബുക്കുകളും പേനകളും കുറെ മിഠായികളും അടങ്ങുന്ന ഒരു സ്‌കൂള്‍ കിറ്റ് ഓരോ വിദ്യാര്‍ഥിക്കും സ്‌കൂളിലെത്തി നല്‍കുന്നതാണ് പദ്ധതി. അമേരിക്ക, യൂറോപ്പ്, ടാന്‍സാനിയ, നേപ്പാള്‍, സിങ്കപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളിലുള്ള പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ഈ പദ്ധതിയുടെ സഹായ ഹസ്തങ്ങള്‍.
ആദ്യ ഘട്ടത്തില്‍ പതിനാറ് ലക്ഷത്തോളം രൂപ ചിലവില്‍ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികളെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. അയൂബ് അറിയിച്ചു. 1985 ബാച്ച് നല്‍കിയ അഞ്ച് ലക്ഷം രൂപയാണ് ഇതിലേക്കുള്ള ആദ്യ സംഭാവന. മാനേജ്‌മെന്റും അധ്യാപക അനധ്യാപകരും സംരംഭത്തില്‍ പങ്കാളികളാകും.
പ്രളയക്കെടുതിയില്‍പ്പെട്ട പന്തളം കടയ്ക്കാട് യു.പി സ്‌കൂളിലെ പാവപ്പെട്ട കുടുംബങ്ങളില്‍പ്പെട്ട എഴുപതോളം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് നല്‍കി സെപ്റ്റംബര്‍ ആദ്യ വാരം പദ്ധതിക്ക് തുടക്കമാകും. പ്രളയ ബാധിത പ്രദേശങ്ങളിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് ആദ്യ പരിഗണന. ജനപ്രതിനിധികളുമായി ആലോചിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുക.
ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ സഹകരണ സംഘത്തിനും വിദ്യാര്‍ഥികള്‍ക്കുമാണ് വിപണനത്തിന്റെയും വിതരണത്തിന്റെയും ചുമതലകള്‍. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് വിശദവിവരങ്ങള്‍ക്കായി 9400892462 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."