വിദ്യാര്‍ഥികള്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു
കുന്നംകുളം: ജൈവകൃഷിയെ കുറിച്ച് നേരിട്ടറിയാന്‍ പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ കടവല്ലൂരിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. ചാവക്കാട് അമൃത വിദ്യാലയത്തിലെ അമ്പതോളം വിദ്യാര്‍ഥികളും, അധ്യാപകരുമാണ് ജൈവ കര്ഷകന് എം.ബാലാജിയുടെ കൊരട്ടിക്കരയിലെ കൃഷിയിടം സന്ദര്‍ശിക്കാനെത്തിയത്.
മുണ്ടകനും, വിരിപ്പും, പുഞ്ചയുമെല്ലാം ഞാറ്റുവേല നോക്കിയാണ് കൃഷിയിറക്കുന്നതെന്നറിഞ്ഞപ്പോള് പഠിച്ചതിനേക്കാള്‍ കൂടുതല്‍ അറിവുമായിട്ടാണ് കുട്ടികള്‍ കൃഷിയിടം വിട്ടത്. കൊരട്ടിക്കരയില്‍ നെല്‍പാടത്ത് കൊയ്ത്ത് നടത്തുന്ന പുതിയ രീതിയും പുതിയ അറിവായി. തെങ്ങ്, കവുങ്ങ്, വിവിധയിനം വാഴകള്‍ തുടങ്ങി കൃഷിയിടത്തിലെ ജലസേചന രീതികളും വിദ്യാര്‍ഥികള്‍ തൊട്ടറിഞ്ഞു. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ പയറും, വെണ്ടയും, വഴുതിനയും, കൈയ്പ്പയും, പടവലവും, കുമ്പളവും, മത്തനും, വെള്ളരിയും പുതിയ സാങ്കേതിക വിദ്യയുപയോഗിച്ച് നനക്കുന്നതും കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തു.
കറവപ്പശുക്കളില്‍ നിന്നു ലഭിക്കുന്ന മൂത്രമാണ് ചീരക്ക് വളമെന്നറിഞ്ഞപ്പോള് കുട്ടികള്‍ക്ക് കൗതുകം. ഔഷധ ഗുണവും, നറുമണവുമുള്ള ഗന്ധകശാല അരിയുടെ നെല്‍വിത്ത് സ്കൂളില്‍ കൃഷി ചെയ്യാനായി സമ്മാനമായി നല്കി. അധ്യാപകരായ ഗിരിജ, ശാലി, ജിജോ എന്നിവരും വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."