തേവലക്കര പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി രൂക്ഷം; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന ധാരണ വ്യാജം
ചവറ: തേവലക്കര പഞ്ചായത്തില്‍ അധികാര മോഹത്തെ തുടര്‍ന്നുള്ള വടംവലി മൂലം പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്. നിലവിലെ പ്രസിഡന്റായ ജോസ് ആന്റണിക്കുള്ള പിന്തുണ കഴിഞ്ഞ ദിവസം സ്വാതന്ത്രനായ രാജേഷ് പിന്‍വലിച്ചിരുന്നു.
രണ്ടര വര്‍ഷക്കാലം കഴിയുമ്പോള്‍ പ്രസിഡന്റ് പദവി രാജേഷിന് നല്‍കാമെന്ന ഉടമ്പടി നിലവിലെ പ്രസിഡന്റ് പാലിക്കാത്തത് കൊണ്ടാണ് താന്‍ പിന്തുണ പിന്‍വലിക്കുന്നതെന്ന് രാജേഷ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അതേ സമയം പിന്തുണ പിന്‍വലിച്ച രാജേഷ് കുമാര്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് ആവശപ്പെട്ടു.
കോണ്‍ഗ്രസ് പ്രതിനിധിയായ തന്നെ മാറ്റി വിമതനെ പ്രസിഡന്റാക്കാനുള്ള വിമതന്റെ ശ്രമം വ്യാജ പ്രചരണങ്ങള്‍ നിരത്തിയാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്റണി പറഞ്ഞു. യു.ഡി.എഫ് മുന്നണിബന്ധത്തില്‍ പ്രസിഡന്റായ തനിക്കൊപ്പം നാല് കോണ്‍ഗ്രസ് പ്രതിനിധികളും മറ്റ് യു.ഡി.എഫ് അംഗങ്ങളുമുണ്ടെന്ന് പ്രസിഡന്റ് ജോസ് ആന്റണി. സ്ഥാനം ഒഴിയുന്നത് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനം അനുസരിച്ചെന്നും പ്രസിഡന്റ് പറഞ്ഞു. യു.ഡി.എഫ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് വിമതഅംഗത്തെ ഭരണം നിലനിര്‍ത്താന്‍ കൂട്ടുപിടിച്ചത് അര്‍ഹമായ സ്ഥാനം നല്‍കിയാണ്. പിന്തുണയുടെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന ധാരണ വ്യാജമാണ്. ഇത്തരത്തിലൊരു കരാര്‍ മണ്ഡലം, ബ്ലോക്ക്, ഡി.സി.സി, തലത്തിലോ യു.ഡി.എഫിലോ വച്ചിട്ടില്ല. നിലവില്‍ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നിലനില്‍ക്കുന്ന രാജേഷ് കുമാര്‍ ഇല്ലാത്ത കരാറുകളുമായി തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസിന് നിലവില്‍ ഏഴ് അംഗങ്ങളാണുള്ളത്. ആര്‍.എസ്.പിയുടെ രണ്ടംഗങ്ങളും ഒരു സി.എം.പി അംഗവും ഉണ്ട്. ഇവര്‍ കൂടാതെയാണ് രണ്ട് സ്വതന്ത്രരുടെ പിന്തുണയുള്ളത്. എന്നാല്‍ രാജേഷ് എന്ന സ്വതന്ത്രനോടൊപ്പം നില്‍ക്കുന്ന പഞ്ചായത്തംഗം ഷൈന സുമേഷ് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് രണ്ടര വര്‍ഷം കഴിഞ്ഞ് പ്രസിഡന്റ് പദവി മാറാമെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ കരാറുണ്ടാക്കിയത് ലംഘിച്ചയാളാണെന്നും പ്രസിഡന്റ് ആരോപിച്ചു. പ്രസിഡന്റിനെതിരേ താന്‍ ഒപ്പമുണ്ടെന്ന രാജേഷ് കുമാറിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്തംഗം തേവലക്കര ബക്കര്‍ പറഞ്ഞു.
യു.ഡി.എഫ് പിന്തുണ പിന്‍വലിച്ച സ്വതന്ത്രന് പുതിയ സ്ഥാനം നല്‍കുന്നതിന് സമ്മതമല്ലെന്നും, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വിളിച്ച് പ്രശനം ചര്‍ച്ച ചെയ്യണമെന്നും, പിന്നീട് യു.ഡി.എഫ് കൂടി അടിയന്തിര തീരുമാനം എടുക്കണമെന്നും കോണ്‍ഗ്രസ് പ്രതിനിധികളായ ജോസ് ഹെന്‍ട്രി, അഖില അഭിലാഷ്, അജിതകുമാരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മറ്റൊരു സ്വതന്ത്രയായ സുജാത രാജേന്ദ്രന്റെ പിന്തുണയും തങ്ങള്‍ക്കാണെന്ന് ഭരണപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."