സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ: തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം
തിരുവനന്തപുരം: ഇത്തവണത്തെ സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടി തലസ്ഥാനത്തെ സ്‌കൂളുകള്‍. ജില്ലയിലെ വിദ്യാലയങ്ങളില്‍ ഭൂരിഭാഗവും 100 ശതമാനം വിജയം സ്വന്തമാക്കി. വഞ്ചിയൂര്‍ ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂളില്‍ പരീക്ഷ എഴുതിയ 67 വിദ്യാര്‍ത്ഥികളും വിജയിച്ചു. 57 വിദ്യാര്‍ഥികള്‍ക്ക് ഡിസ്റ്റിങ്ഷനും 10 വിദ്യാര്‍ത്ഥികള്‍ ഫസ്റ്റ് ക്ലാസും നേടി. നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സൂളിലെ പരീക്ഷ എഴുതിയ 165 വിദ്യാര്‍ത്ഥികളില്‍ 92 പേര്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. നെയ്യാറ്റിന്‍കര ശ്രീ ചിത്തിര തിരുനാള്‍ റസിഡഷ്യല്‍ സ്‌കൂളില്‍ പരീക്ഷ എഴുതി 65 വിദ്യാര്‍ഥികളില്‍ 33 പേര്‍ ഡിസ്റ്റിങ്ഷനും 32 പേര്‍ ഫസ്റ്റ് ക്ലാസും നേടി. പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയത്തില്‍ 97 പേരില്‍ 72 പേര്‍ക്ക് 75 ശതമാനം മാര്‍ക്ക് നേടിയാണ് 100 ശതമാനം വിജയം നേടിയത്. പട്ടം കേന്ദ്രീയ വിദ്യാലയം 99.65 ശതമാനം വിജയം നേടി. മരുതംകുഴി ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍, നെട്ടയം എ.ആര്‍.ആര്‍. സ്‌കൂള്‍, പെരുന്താന്നി എന്‍.എസ്.എസ്. പബ്ലിക് സ്‌കൂള്‍ എന്നിവയും മികച്ച വിജയം സ്വന്തമാക്കി.
നാലാഞ്ചിറ നവജീവന്‍ ബഥനി വിദ്യാലയത്തില്‍ പരീക്ഷയെഴുതിയ 88 വിദ്യാര്‍ഥികളും വിജയിച്ചു. 43 കുട്ടികള്‍ ഡിസ്റ്റിങ്ഷനും 45 കുട്ടികള്‍ ഫസ്റ്റ് ക്ലാസും നേടി. മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്‌കൂളില്‍ 282 ഡിസ്റ്റിങ്ഷനും 53 ഫസ്റ്റ് ക്ലാസും അടക്കം പരീക്ഷയെഴുതിയ 342 വിദ്യാര്‍ത്ഥികളും വിജയിച്ചു. തോന്നയ്ക്കല്‍ കാരമൂട് ബിഷപ്പ് പെരേരാ മെമ്മോറിയല്‍ സ്‌കൂളില്‍ 10 ഡിസ്റ്റിങ്ഷനും 8 ഫസ്റ്റ് ക്ലാസുമടക്കം പരീക്ഷയെഴുതിയ 18 പേരും വിജയിച്ചു.
കേരളത്തിലെ ഒന്നും മൂന്നും റാങ്കുകള്‍ ജില്ലയില്‍
തിരുവനന്തപുരം: ഇത്തവണത്തെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ റാങ്ക് തിളക്കവുമായി തലസ്ഥാനം. രണ്ടുപേരാണ് തലസ്ഥാനത്ത് നിന്ന് റാങ്കുപട്ടികയില്‍ ഇടം നേടിയത്. മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്‌കൂളിലെ ബി.ആര്‍ നീരജ്, പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എം.വൈഷ്ണവി എന്നിവരാണ് മികച്ച വിജയം സ്വന്തമാക്കിയത്.
99 ശതമാനം മാര്‍ക്കോടെ 495ാം റാങ്കാണ് ബി.ആര്‍ നീരജ് സ്വന്തമാക്കിയത്. കേരളത്തില്‍ രണ്ടാം റാങ്കാണ് നീരജിന്. കേരളാദിത്യപുരം പവടിക്കോണം ന്യൂസരസില്‍ ബിസിനസുകാരനായ ബിജുവിന്റെയും രശ്മിയുടെയും മകനാണ്. റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഉയര്‍ന്ന മാര്‍ക്കോടെ പാസാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്ന് നീരജ് സുപ്രഭാതത്തോട് പറഞ്ഞു. ഭാവിയില്‍ ഐ.എ.എസ് ഓഫിസറാകണമെന്നതാണ് നീരജിന്റെ ആഗ്രഹം.
ഓള്‍ ഇന്ത്യയില്‍ 494ാം റാങ്കും കേരളത്തില്‍ മൂന്നാം റാങ്കും കരസ്ഥമാക്കിയാണ് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വൈഷ്ണവി എം മികച്ച വിജയം നേടിയത്. 98.8 ശതമാനമാണ് മാര്‍ക്ക്. കമലേശ്വരം കൈരളി നഗറില്‍ ശബരീശത്തില്‍ ബാങ്ക് ജീവനക്കാരായ മുരളിയുടെയും ഗായത്രിയുടെയും മകളാണ് വൈഷ്ണവി. പരീക്ഷ നന്നായി എഴുതാനായതിനാല്‍ റാങ്ക് പ്രതീക്ഷയുണ്ടായിരുന്നു എന്ന് വൈഷ്ണവി പ്രതികരിച്ചു. നീറ്റ് പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരിക്കുന്ന വൈഷ്ണവിക്ക് ഗൈനക്കോളജിസ്റ്റ് ആകണമെന്നാണ് ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."