കൈവരിയില്ലാത്ത കിണറില്‍ വീണ് മരിച്ച സംഭവം; വിമലിന്റെ വേര്‍പാടില്‍ നൊമ്പരം, പ്രതിഷേധം
കല്ലമ്പലം: സമീപ വാസിയുടെ പുരയിടത്തില്‍ തേങ്ങ പെറുക്കി സഹായിക്കാന്‍ പോയ ബാലന്‍ കൈവരിയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ നൊമ്പരവും, പ്രതിഷേധവും ഇരമ്പുന്നു. നാവായിക്കുളം വെട്ടിയറ പന്തുവിള പോയ്കവിള പുത്തന്‍ വീട്ടില്‍ നിര്‍ധനരായ ബിനുവിന്റെയും പ്രഭയുടെയും മകന്‍ വിമല്‍ (9) ആണ് മരിച്ചത്. നാവായിക്കുളം എസ്.എന്‍.വി.എല്‍.പി.എസിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ വീടിനു സമീപത്തെ വസ്തുവില്‍ തേങ്ങ പറിക്കാന്‍ ആള്‍ക്കാരെത്തിയപ്പോള്‍ അവരെ സഹായിക്കാനായി പോയതായിരുന്നു വിമല്‍.
തേങ്ങ പെറുക്കി സ്വരൂപിക്കുന്നതിനിടെ കൈവരിയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു. നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് കിണര്‍. കൊച്ചുകുട്ടികളാണ് മിക്ക വീടുകളിലും. കുട്ടികള്‍ കിണറിനു സമീപം കളിക്കുമ്പോള്‍ മാതാപിതാക്കളുടെ ചങ്കില്‍ തീയാണ്. ഏവര്‍ക്കും കണ്ണിലുണ്ണിയായ വിമലിന്റെ വേര്‍പാട് സഹപാഠികള്‍ക്കും ബന്ധുക്കള്‍ക്കും താങ്ങാവുന്നതിലുമപ്പുറമാണ്.
ഓണ അവധിക്കു ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ ക്ലാസില്‍ വിമലിന്റെ ഇരിപ്പടം ശൂന്യം. ഓര്‍ക്കുമ്പോള്‍ തന്നെ അധ്യാപകരുടെയും മറ്റു കുട്ടികളുടെയും കണ്ണുകള്‍ ഈറനണിയുകയാണ്. നല്ലതുമാത്രമേ അധ്യാപകര്‍ക്ക് വിമലിനെക്കുറിച്ചു പറയാനുള്ളൂ. പഠിക്കാന്‍ മാത്രമല്ല സ്‌പോട്‌സിലും വിമല്‍ ഒന്നാമനാണ്.
പ്രദേശ വാസികളുടെ നൊമ്പരങ്ങള്‍ക്കും വിതുമ്പലിനുമിടയിലും പലരും ആവശ്യപ്പെട്ടിട്ടും കിണര്‍ മൂടാതിരുന്നതില്‍ പ്രതിഷേധവും ഇരമ്പുകയാണ്. സംഭവത്തില്‍ വസ്തു ഉടമയ്‌ക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് വിമലിന്റെ ബന്ധുക്കള്‍.
കിണറിനെപ്പറ്റി വ്യക്തമായ ധാരണയും പരിചയവും ഉള്ള വിമല്‍ എങ്ങനെ കിണറ്റില്‍ വീണു എന്നതിലും അവ്യക്തത നിലനില്‍ക്കുന്നു.
തെങ്ങു കയറ്റക്കാരന്‍ തെങ്ങില്‍ നിന്നും അടര്‍ത്തിയിട്ട തേങ്ങ തെറിച്ചു തന്റെ നേര്‍ക്ക് വന്നപ്പോള്‍ പെട്ടെന്ന് ഓടിമാറിയപ്പോള്‍ കിണറ്റില്‍ വീണതാണോ, തേങ്ങ ദേഹത്ത് തട്ടി കിണറ്റില്‍ അകപ്പെട്ടതാണോ എന്നതിലും വ്യക്തതയില്ല. സംഭവം ആരും നേരില്‍ കണ്ടില്ല. കിണറ്റില്‍ വീഴുന്ന ശബ്ദം മാത്രമാണ് കേട്ടത്. പള്ളിക്കല്‍ പൊലിസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."