വയനാട്ടില്‍ ജോസ് പക്ഷം നേരത്തെ ഇടതില്‍ ചേക്കേറി
കല്‍പ്പറ്റ: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫിന്റെ ഭാഗമാകുന്നതിനുള്ള സാധ്യത വര്‍ധിച്ചിരിക്കെ പാര്‍ട്ടിയുടെ വയനാട് ഘടകം നേരത്തെ തന്നെ ഇടതുമുന്നണിക്കൊപ്പം. കഴിഞ്ഞ അഞ്ചു വര്‍ഷമായി വയനാട്ടില്‍ ഇടത്തോട്ടു ചാഞ്ഞാണ് കേരള കോണ്‍ഗ്രസ്-എമ്മിന്റെ നടപ്പ്.
2015 നവംബറില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) വയനാട് ജില്ലാ നേതൃയോഗത്തിലായിരുന്നു യു.ഡി.എഫ് വിടാനുള്ള തീരുമാനം. സംസ്ഥാനത്ത് ആദ്യമായി യു.ഡി.എഫില്‍ നിന്നു മാറിയ പാര്‍ട്ടി ജില്ലാ ഘടകവും വയനാട്ടിലേതാണ്.
കേരള കോണ്‍ഗ്രസ് (എം) ടിക്കറ്റില്‍ മുനിസിപ്പല്‍ കൗണ്‍സിലെത്തിയ ടി.എല്‍ സാബുവാണ് നിലവിലെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍. മുനിസിപ്പല്‍ കൗണ്‍സിലിലെ സി.പി.എം അംഗങ്ങളുടെ പിന്തുണയോടെയും കേരള കോണ്‍ഗ്രസ് (എം) വയനാട് ജില്ലാ നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയുമാണ് സാബു നഗരസഭാധ്യക്ഷനായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ വയനാട്ടില്‍ കോണ്‍ഗ്രസുമായി മുഷിഞ്ഞ് യു.ഡി.എഫുമായി അകന്നതാണ് കേരള കോണ്‍ഗ്രസ് (എം). തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിക്താനുഭവമാണ് കേരള കോണ്‍ഗ്രസിനുണ്ടായത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചവരെല്ലാം തോറ്റിരുന്നു. ആകെ വിജയിച്ചത് നിലവിലെ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാനായ സാബു മാത്രമാണ്. അതും നറുക്കെടുപ്പിലൂടെ.
ഇതില്‍ കേരള കോണ്‍ഗ്രസ് (എം) വയനാട് ജില്ലാ നേതാക്കളുടെയും അണികളുടെയും മനസിലുണ്ടായ 'ശത്രുതയാണ്' സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ സി.പി.എമ്മുമായുള്ള കൂട്ടിന് വഴി തുറന്നത്. സി.പി.എമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന യു.ഡി.എഫ് വയനാട് ജില്ലാ നേതൃത്വത്തിന്റെ ആവശ്യത്തിന് കേരള കോണ്‍ഗ്രസ് (എം) വയനാട് ഘടകം ചെവികൊടുത്തില്ല.
ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്-എമ്മിനെ യു.ഡി.എഫ് വയനാട് ജില്ലാ നേതൃത്വം 2018 സെപ്റ്റംബര്‍ 12ന് മുന്നണിയില്‍നിന്ന് പുറത്താക്കിയിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ ടി.എല്‍ സാബുവിനെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. യു.ഡി.എഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു നിര്‍ദേശം. ഇക്കാര്യങ്ങളിലൊന്നും അനുകൂല നിലപാട് കേരള കോണ്‍ഗ്രസ് (എം) വയനാട് നേതൃത്വം എടുത്തിരുന്നില്ല.
അതിനിടെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം എല്‍.ഡി.എഫിലേക്ക് ചേക്കേറാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."