ഓണത്തിന് വിഷരഹിത പച്ചക്കറിയുമായി ജൈവപച്ചക്കറി സമിതിയുടെ 80 ചന്തകള്‍
കോട്ടായി: വിഷരഹിത ഭക്ഷണം ജനങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യവുമായി ഓണത്തിന് 80 ജൈവപച്ചക്കറി ചന്തകള്‍ ആരംഭിക്കാന്‍ ജനകീയ ജൈവപച്ചക്കറി സമിതി ജില്ലാതല യോഗം തീരുമാനിച്ചു.
സെപ്തംബര്‍ ഏഴിനകം എല്ലാ ചന്തകളും പ്രവര്‍ത്തനസജ്ജമാകുന്ന വിധം പദ്ധതി തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനമായി. സഹകരണസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കൃഷി അടിസ്ഥാനമാക്കിയ കുടുംബശ്രീകള്‍, കര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയില്‍ 800 ഹെക്ടറില്‍ പച്ചക്കറി കൃഷി തുടങ്ങും. ഇവിടെനിന്ന് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളാണ് ജൈവപച്ചക്കറി സമിതികള്‍ ആരംഭിക്കുന്ന ചന്തകളില്‍ എത്തുക. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏരിയ തല യോഗങ്ങളും പ്രോജക്ട് ക്ലിനിക്കുകളും പഞ്ചായത്ത് തല യോഗങ്ങള്‍ ചേരാനും ജില്ലാ അടിസ്ഥാനത്തില്‍ വിപുലമായ വിളംബര സെമിനാര്‍ നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ അധ്യക്ഷനായി. സെക്രട്ടറി പി.കെ. സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാങ്കേതിക സമിതി കണ്‍വീനര്‍ ബിമല്‍ഘോഷ് പരിപാടി വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷമാണ് സി.പി.ഐ.എം ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറിസമിതിക്ക് തുടക്കം കുറിച്ചത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കീടനാശിനി ഉപയോഗിച്ച് കൃഷി ചെയ്യുന്ന പച്ചക്കറിക്കു പകരം ജൈവകൃഷിയിലൂടെ നമുക്ക് ആവശ്യമായ പച്ചക്കറി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ മേഖലയിലുള്ളവരെയും ഒരുമിച്ചു ചേര്‍ത്ത് ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കിയത്. ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ 423 ഏക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറി കൃഷി ചെയ്യാനുള്ള പദ്ധതിക്ക് ഇതിനകം രൂപം നല്‍കി. 14,113 അയല്‍ക്കൂട്ടങ്ങളെ ജൈവപച്ചക്കറി കൃഷിയില്‍ പങ്കാളികളാക്കും.
കൃഷിവകുപ്പ് വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി പച്ചക്കറിവിത്തും മാവിന്‍തൈകളും വേപ്പിന്‍തൈകളും വിതരണം ചെയ്യും. വീട്ടമ്മമാര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ കൃഷിഭവനുകള്‍ മുഖേന സെയ്ഫ് ടു ഈറ്റ് അംഗീകൃതരേഖകളോടെ വിപണിയിലെത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."