പി.സി ജോര്‍ജ് വര്‍ഗീയത പരത്തുന്നത് സ്ഥാനം നേടാനുള്ള കുല്‍സിത ശ്രമം
ഈരാറ്റുപേട്ട:ഇടതു വലത് മുന്നണികളില്‍ ചേക്കേറാന്‍ ശ്രമിച്ചു പരാജയപ്പെട്ട ശേഷം ഇപ്പോള്‍ ബി.ജെ.പിയോടൊപ്പം നടക്കുന്ന പി.സി ജോര്‍ജിന്റെ മുസ്‌ലിംകള്‍ക്ക് എതിരെയുള്ള പ്രസ്താവന ഈരാറ്റുപേട്ടയിലും കേരളത്തിലും ഹിന്ദു -മുസ്‌ലിം ശത്രുത ഉണ്ടാക്കാനും അത് വഴി കേരളരാഷ്ട്രീയത്തില്‍ ഇടം നേടാനുമുള്ള ഹീന തന്ത്രം മാത്രമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ കോട്ടയം ജില്ലാ സമിതി അഭിപ്രായപ്പെട്ടു.
പരസ്പര സ്‌നേഹത്തില്‍ കഴിയുന്ന വിവിധ മത വിഭാഗങ്ങളെ തമ്മില്‍ അടിപ്പിച്ചു സ്വന്തം കാര്യം നേടാന്‍ വേണ്ടിയുള്ള തരംതാണ പ്രവര്‍ത്തികള്‍ പ്രബുദ്ധരായ കേരള ജനത മനസിലാക്കുകയും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും,സ്വാര്‍ത്ഥ ലാഭതിന്നു വേണ്ടി വര്‍ഗീയ പ്രസ്താവന നടത്തിയ ജോര്‍ജിനെതിരെ കേസ് എടുക്കുകയും വിചാരണ നടത്തി ശിക്ഷ നല്‍കുകയും ചെയ്യണം എന്ന് യോഗം ആവശ്യപ്പെട്ടു .
സ്ഥാനമാനങ്ങള്‍ നേടാന്‍ വേണ്ടി മത വിഭാഗങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന ഇത്തരം ആളുകളെ കേരള ജനത കരുതിയിരിക്കണമെന്ന് യോഗം മുന്നറിയിപ്പ് നല്‍കുകയും ഈരാറ്റുപേട്ടയില്‍ ഒരിടത്തും ഇത്തരം വിഭാഗീയ സംസാരം ഉണ്ടായിട്ടില്ലെന്നും പേട്ടയുടെയും കേരളത്തിന്റെയും ഇന്ത്യയുടെയും മഹത്തായ പാരമ്പര്യം സ്‌നേഹവും സാഹോദര്യവും ആണെന്നും അത് പഠിക്കാനും മനസ്സിലാക്കാനുമുള്ള വിവേകം ഇത്തരം ആളുകള്‍ പ്രകടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ നാസര്‍ മൗലവി അല്‍ കൗസരി അധ്യക്ഷനായ യോഗത്തില്‍ കെ.എം ഈസല്‍ ഖാസിമി,ഷിഫാര്‍ മൗലവി, ഹബീബ് മൗലവി ,വെച്ചുചിറ നാസര്‍ മൗലവി ,അനസ് മൗലവി ,ഇസ്മായില്‍ മൗലവി ,സുബൈര്‍ മൗലവി ,കെ.എം ത്വാഹ മൗലവി ,ഷിബിലി മൗലവി ,സഫറുള്ള മൗലവി എന്നിവര്‍ സംസാരിച്ചു .പി.സി ജോര്‍ജ് വിവാദ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണം എന്നും യോഗം ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."