ഇടുക്കി മെഡിക്കല്‍ കോളജ്: ഐ.സി.യു നിര്‍മാണം നിര്‍മിതി കേന്ദ്രയെ ഏല്‍പ്പിക്കാന്‍ തീരുമാനം
തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജില്‍ പുതിയ ഐ.സി.യു നിര്‍മിക്കുന്നതിനുള്ള ചുമതല നിര്‍മിതിയെ ഏല്‍പ്പിക്കാന്‍ ധാരണ. ഇന്നലെ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് ഈ തീരുമാനം.
ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഐ.സി.യു ഇല്ലാത്തത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ആണ് ഇക്കാര്യം പരിശോധിച്ചു നിര്‍മാണ നടപടികള്‍ക്കു നിര്‍മിതിയെ ചുമതലപ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. ഇതിനൊപ്പം ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനും തീരുമാനിച്ചു.
പഴയ ഡി.എം.ഒ ഓഫിസ് ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കും. എം.പി, എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകളാണു പരിശോധിക്കുന്നത്. ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനു വികസന സമിതി അംഗങ്ങളായ നാലുപേരെ ഉള്‍പ്പെടുത്തി ഉപസമിതിക്കും യോഗം രൂപം നല്‍കി.ആശുപത്രി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനു എക്‌സ് സര്‍വീസുകാരുടെ സേവനം തുടര്‍ന്നും വിനിയോഗിക്കുന്നതിനു തീരുമാനിച്ചു. ഇക്കാര്യത്തില്‍ അവര്‍ മികച്ച പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നതെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. ആശുപത്രിയിലും പരിസരങ്ങളിലും ക്ലോസ്ഡ്‌സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിക്കുന്നതിനു നടപടികള്‍ സ്വീകരിക്കും.
ആശുപത്രിയുടെ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 33 ലക്ഷം രൂപ അടച്ചു തീര്‍ത്തു. കുടിശിക ഇനത്തില്‍ വന്ന പലിശയുടെ കാര്യത്തില്‍ കെ.എസ്.ഇ.ബിയുമായി ചര്‍ച്ച ചെയ്തു പരിഹാരം തേടും. ആശുപത്രിക്കു പുതിയ ആംബുലന്‍സ് ലഭിക്കുന്നതിനു നടപടികളായിട്ടുണ്ടെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.
പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കില്‍പ്പോലും ആശുപത്രിയിലെ അടിയന്തിര കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നു സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സൂപ്രണ്ട് ഡോ. എം. മണികണ്ഠന്‍ വിശദീകരിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. പി. മോഹനും സന്നിഹിതനായിരുന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."