ജലീലിന്റെ രാജിക്കായി തെരുവുയുദ്ധം: അക്രമാസക്തമായി പ്രതിഷേധ മാര്‍ച്ചുകള്‍
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. മന്ത്രിയുടെ രാജിക്കായി സംസ്ഥാനത്തൊന്നാകെ തെരുവിലിറങ്ങിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് ബി.ജെ.പി പ്രവര്‍ത്തകര്‍. പലയിടത്തും പ്രതിഷേധ മാര്‍ച്ചുകള്‍ അക്രമാസക്തമായി.
കൊല്ലത്ത് യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ മാര്‍ച്ചിന് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരും കോഴിക്കോട്ടും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി ഉപയോഗിച്ചു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമാര്‍ച്ചിലും ഉന്തുതള്ളുമുണ്ടായി. ആലപ്പുഴയിലും കോഴിക്കോടും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും നടത്തിയ മാര്‍ച്ചും സംഘര്‍ഷഭരിതമായി. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലിസും ഏറ്റുമുട്ടി.
എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയിട്ടും പൊലിസിനെ ഉപയോഗിച്ച് സമരക്കാരെ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ആരോപണ വിധേയനായ മന്ത്രിയോ ധാര്‍മികതയെക്കുറിച്ച് കവലപ്രസംഗം നടത്തുന്ന സര്‍ക്കാര്‍ വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. പ്രതികരിച്ച ഏക മന്ത്രി സമരത്തെ പരിഹസിക്കുകയുമാണുണ്ടായത്.
ജലീലിനെതിരെ കൃത്യമായ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. ആദ്യം കള്ളനെ പുറത്താക്കൂ, എന്നിട്ട് തൊണ്ടിമുതല്‍ തേടി പോകൂ. തെളിവ് പുറത്തുവന്നു. അപ്പോള്‍ ആദ്യം മന്ത്രിയെ മാറ്റി നിര്‍ത്തി അന്വേഷണം നടക്കട്ടേ. യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും നിരന്തരസമരം ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ മുന്നറിയിപ്പ് നല്‍കി.
അതേ സമയം കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
തലസ്ഥാന ജില്ലയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ദുരിതമനുഭവിക്കുന്നത്. ഇവിടെനിന്നാണ് കൂടുതല്‍ മരണങ്ങളുണ്ടായത്. ഈ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ സാമൂഹികവ്യാപനം വര്‍ധിപ്പിക്കാനേ ഇത്തരം സമരങ്ങള്‍ ഉപകരിക്കൂ എന്നും കടകംപള്ളി ഓര്‍മിപ്പിച്ചു.
ചിലര്‍ സങ്കുചിത രാഷ്ട്രീയത്തിനുവേണ്ടി ഉത്തരവാദിത്വം മറക്കുകയാണ്. സാമൂഹികവ്യാപനം കൂടിയാല്‍ അതിന്റെ ഉത്തരവാദിത്വവും ഈ സങ്കുചിത രാഷ്ട്രീയത്തിനുവേണ്ടി തെരുവില്‍ ഇറങ്ങുന്നവര്‍ക്കാര്‍യിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."