ശിക്ഷ ഇന്ന്: ഇതര സംസ്ഥാന തൊഴിലാളിയെ ബലാത്സംഗം ചെയ്ത് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി
തൊടുപുഴ: ഇതര സംസ്ഥാന എസ്റ്റേറ്റ് തൊഴിലാളി സ്ത്രീയെ ബലാത്സംഗം ചെയ്ത് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി കണ്ടെത്തി.
കുട്ടിക്കാനം കള്ളിവേലില്‍ എസ്റ്റേറ്റിലെ തൊഴിലാളി ഒറീസ സ്വദേശി കുന്ദന്‍മാജിയുടെ ഭാര്യ സബിത മാജി(32) യെയാണ് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. സമീപ ലയത്തിലെ താമസക്കാരനായ കച്ചേരിക്കുന്ന് രജ്ഞിനി നിവാസില്‍ വിശ്വനാഥനാണ് കേസിലെ പ്രതി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് 2017 ജനുവരി 1 നാണ് സംഭവിച്ചത്. വിശ്വനാഥന്‍ സബിത മാജിയെ തന്റെ ലൈംഗിക താല്‍പര്യത്തിന് ഉപയോഗിക്കുന്നതിനായി പലവട്ടം ശ്രമിച്ചുവെങ്കിലും അതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് വിരോധം വച്ചുപുലര്‍ത്തിയിരുന്നു. സുഹൃത്ത് ഒറീസ സ്വദേശി പ്രഹ്‌ളാദ പത്രയെ കൂട്ടുപിടിച്ചാണ് വിശ്വനാഥന്‍ ഈ കൃത്യം നടത്തിയത്. കേസിലെ രണ്ടാം പ്രതിയായ ഇയാള്‍ മാപ്പുസാക്ഷിയായി.
സംഭവ ദിവസം എസ്റ്റേറ്റില്‍ അവധിയായിരുന്നതിനാല്‍ അവിടെ മറ്റു തൊഴിലാളികള്‍ ഇല്ലാത്ത അവസരം മുതലെടുത്ത് കൃത്യം നടത്തുന്നതിന് പ്രതി പദ്ധതി തയ്യാറാക്കി. ബലാത്സംഗം ചെയ്ത ശേഷം കഴുത്തിനും തലക്കും നിരവധി തവണ വെട്ടി. ശരീരത്തില്‍ 56 ഓളം മുറിവുകളാണ് ഈ തരത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടാം പ്രതിയുടെ സഹായത്തോടുകൂടി മൃതദേഹം കുറ്റിക്കാട്ടിലെ പുല്ലിന്റെ അടിയില്‍ ഒളിപ്പിക്കുകയും ചെയ്തു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യതെളിവുകളുടെയും രണ്ടാം പ്രതി കോടതി മുമ്പാകെ മാപ്പുസാക്ഷിയായി കൊടുത്ത മൊഴിയുടെയും ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് നിര്‍ണ്ണായകമായത്. അവധി ദിവസം എസ്റ്റേറ്റിന് പുറത്ത് പണിക്ക് പോയ സബിതാ മാജിയുടെ ഭര്‍ത്താവ് കുന്ദന്‍ മാജി വൈകുന്നേരം പണി കഴിഞ്ഞ് വന്നപ്പോള്‍ എസ്റ്റേറ്റ് ലയം പൂട്ടികിടക്കുന്നതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പീരുമേട് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ഷിബുകുമാര്‍ വി. ആണ്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മനോജ് കുര്യന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."