ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി; വിനോദസഞ്ചാര മേഖലയിലെ നിയന്ത്രണം
കട്ടപ്പന: പ്രളയത്തേതുടര്‍ന്ന് ജില്ലയില്‍ ഏര്‍പ്പെടുത്തിയ വിനോദസഞ്ചാര മേഖലയിലെ നിയന്ത്രണം ടൂറിസം വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി.
തേക്കടി, മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിശ്ചലമായതോടെ വന്‍ നഷ്ടമാണുണ്ടായിരിക്കുന്നത്. ഹോട്ടല്‍, റിസോര്‍ട്ട്, ടാക്‌സി, ടൂറിസവുമായി ബന്ധപ്പെട്ട വിനോദോപാധികള്‍, സ്‌പൈസ് സ്പാ സ്റ്റേഷന്‍, വ്യാപാരം തുടങ്ങി ചെറുതും വലുതുമായ എല്ലാ വ്യാപാരമേഖലകളും നിശ്ചലമായിരിക്കുകയാണ്. കുമളി ടൗണിലെയും തേക്കടി റോഡിലേയും മിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ടൗണ്‍ ആളനക്കമില്ലാതെ വിജനമാണ്. സഞ്ചാരികള്‍ ചുറ്റുംകൂടുന്ന ഉന്തുവണ്ടികളിലെ ചായ പലഹാര, കടല കച്ചവടക്കാര്‍പോലും നിരത്തിലില്ല. ഉന്തുവണ്ടികള്‍ റോഡുസൈഡില്‍ അനാഥമായി കിടക്കുന്നു.
ഉന്തുവണ്ടിയില്‍ സഞ്ചാരികളുടെ വസ്ത്രങ്ങള്‍ ഇസ്തിരി ഇടുന്നവരുമില്ല. ഏതാനും കാശ്മീരി കടകള്‍ തുറന്നിട്ടുണ്ട്. ആനവച്ചാലിലെ വനംവകുപ്പിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലും തേക്കടിയിലും ആരുമില്ല. വാഹനങ്ങളുടെ തിരക്കില്ല. വിനോദ സഞ്ചാരികളാല്‍ തിരക്കിലായിരുന്ന കുമളി ഒരുതരത്തില്‍ ശൂന്യം. ബന്തിന്റെ പ്രതീതി എങ്ങും. ഹോട്ടലുകളും റിസോര്‍ട്ടുകളും അടച്ചുപൂട്ടി ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കിയിരിക്കുന്നു. കുമളിയില്‍ വിരലിലെണ്ണാവുന്ന ഹോട്ടലുകളും സ്ഥാപനങ്ങളുമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്.
ഇരുപത് ദിവസത്തിലേറെയായുള്ള നിയന്ത്രണം കടുത്ത സാമ്പത്തിക പ്രതിസന്ധിയേതുടര്‍ന്ന് അടച്ചുപൂട്ടിയെന്ന് തേക്കടി ജംഗ്ഷനിലെ ആര്യഭവന്‍ ഹോട്ടല്‍ ഉടമ സുബ്രോയന്‍ പറഞ്ഞു. ഹോട്ടലുകളിലെ ഡിസംബര്‍ വരെയുള്ള ബുക്കിംഗുകള്‍ കാന്‍സലായി. വരുമാന നഷ്ടത്തോടൊപ്പം മിക്ക സ്ഥാപനങ്ങളും ജപ്തി ഭീഷണിയിലുമാണ്. വന്‍തുക ബാങ്ക് ലോണ്‍ തരപ്പെടുത്തിയാണ് മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. പുതിയ ബുക്കിംഗുകള്‍ ലഭിക്കണമെങ്കില്‍ ടൂറിസം രംഗത്തെ നിയന്ത്രണം മാറ്റണം. കൊല്ലം - തേനി ദേശീയപാതയും വാഗമണ്‍ റൂട്ടും ഗതാഗത യോഗ്യമാണ്.
തേക്കടി വാഗമണ്‍ ടൂറിസം സര്‍ക്യൂട്ട് തുറന്നാല്‍ ഒട്ടേറെ പ്രതിസന്ധി പരിഹരിക്കാനാകും. പ്രശ്‌നബാധിതമല്ലാത്ത വിനോദസഞ്ചാര മേഖലകളെ നിയന്ത്രണങ്ങളില്‍നിന്നൊഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."