അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചയ്ക്ക് ഖത്തറില്‍ തുടക്കമായി
ദോഹ: അഫ്ഗാനില്‍ സ്ഥായിയായ സമാധാനം ലക്ഷ്യമിട്ട് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളും താലിബാന്‍ പ്രതിനിധികളും പങ്കെടുക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് ദോഹയില്‍ തുടക്കമായി. ഖത്തര്‍ വിദേശ കാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. അഫ്ഗാന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അബ്ദുല്ല അബ്ദുല്ല, താലിബാനെ പ്രതിനിധീകരിച്ച് മുല്ലാ അബ്ദുല്‍ ഗനി എന്നിവരും സംബന്ധിച്ചു.
ഇന്ത്യ, തുര്‍ക്കി, പാകിസ്താന്‍ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഓണ്‍ലൈനില്‍ ചര്‍ച്ചയുടെ ഭാഗമായി. ഫെബ്രുവരിയില്‍ ദോഹയില്‍ ഒപ്പിട്ട യു.എസ്-താലിബാന്‍ കരാറിന്റെ തുടര്‍ച്ചയായി അഫ്ഗാന്‍, താലിബാന്‍ പ്രതിനിധികള്‍ തമ്മില്‍ നേരിട്ട് നടക്കുന്ന ഇന്നത്തെ ചര്‍ച്ച പതിറ്റാണ്ടുകളായി തുടരുന്ന അഫ്ഗാന്‍ സംഘര്‍ഷത്തിന് അറുതി വരുത്തുന്ന ചരിത്രപരമായ ചുവടുവയ്പ്പാവുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ഥിരമായ വെടിനിര്‍ത്തല്‍, അഫ്ഗാന്‍ പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍, ജനാധിപത്യം പുന:സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാവും.
അഫ്ഗാനിലെ പ്രശ്നങ്ങള്‍ സൈനിക ഇടപെടലിലൂടെ പരിഹരിക്കാനാവില്ലെന്ന് ചരിത്രം പല തവണയായി ബോധ്യപ്പെടുത്തിയിട്ടുള്ളതാണ് ആമുഖ പ്രഭാഷണത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും നിര്‍മാണാത്മകമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നത് മാത്രമാണ് പ്രശ്ന പരിഹാരത്തിനുള്ള പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."