പ്രളയക്കെടുതി: സംസ്ഥാനം ചെലവ് ചുരുക്കുന്നു
തിരുവനന്തപുരം: പ്രളയക്കെടുതി മൂലം വന്‍ നാശനഷ്ടമുണ്ടായ സംസ്ഥാനത്ത് സര്‍ക്കാര്‍ ചെലവ് ചുരുക്കലിലേക്ക് നീങ്ങുന്നു. പ്രളയക്കെടുതി സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം കൊണ്ടുവന്നിട്ടുണ്ട് അതിനാല്‍ തന്നെ സര്‍ക്കാര്‍ ചെലവ് ചുരുക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സംസ്ഥാനം പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങള്‍ നല്‍കാനായി 10,000 കോടി രൂപയും അതുപോലെ കെടുതിയില്‍ തകര്‍ന്ന റോഡുകളും മറ്റും പുനര്‍നിര്‍മിക്കാനായി 20,000 കോടിയുമടക്കം 30,000 കോടിയുടെ ആവശ്യം സംസ്ഥാനത്തിനുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഇതില്‍ 10,000 കോടി സര്‍ക്കാര്‍ കണ്ടെത്തും. അതു കൊണ്ടുതന്നെ നഷ്ടപരിഹാരങ്ങള്‍ നല്‍കുന്നതില്‍ തടസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ബാക്കിയുള്ള 20,000 കോടി കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനായി കേന്ദ്രത്തില്‍ നിന്നും കടമെടുക്കണം. കൂടുതല്‍ കടം നല്‍കാനായി കേന്ദ്ര തയ്യാറാകണം. സംസ്ഥാനത്തിനുള്ള കേന്ദ്രത്തിന്റെ വായ്പാ പദ്ധതി ഇതിനായി ഉയര്‍ത്തേണ്ടിയിരിക്കുന്നു. ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
സാമ്പത്തിക അച്ചടക്കത്തിലേക്ക് നീങ്ങുന്ന സംസ്ഥാനത്ത് അവശ്യ നിയമനങ്ങള്‍ മാത്രമേ നടപ്പാക്കുകയുള്ളൂ, ആശുപത്രികളിലെയും സ്‌കൂളുകളിലെയും നിയമനങ്ങള്‍ തടയില്ല. സര്‍ക്കാര്‍ ആവശ്യത്തിനായി വാഹനങ്ങള്‍ വാങ്ങുന്നതില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കും. അതുപോലെ അനിവാര്യമായ പദ്ധതികള്‍ മാത്രമേ തല്‍ക്കാലം നടപ്പാക്കൂ. അതു കൊണ്ടു തന്നെ സംസ്ഥാനത്ത് നടപ്പാക്കേണ്ട അനിവാര്യ പദ്ധതികളെ കുറിച്ച് അതാതു വകുപ്പുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണം. ചെലവു ചുരുക്കുന്നുണ്ടെങ്കിലും അത് നഷ്ടപരിഹാരം നല്‍കുന്നതില്‍ തടസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ നടപ്പാക്കും. ഇതുവഴി ലഭിക്കുന്ന പണം കേരള പുനര്‍നിര്‍മിതിക്കായി ഉപയോഗിക്കും. അതുപോലെ കെ.എസ്.ഇ.ബിയും കെ.എസ്.ആര്‍.ടി.സിയും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."