പറവൂര്‍ മാര്‍ക്കറ്റില്‍ നിന്ന് 1500 ചാക്ക് അരി നീക്കം ചെയ്തു
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നാശത്തിലായ പറവൂര്‍ മാര്‍ക്കറ്റില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നിര്‍ദ്ദേശപ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന മാര്‍ക്കറ്റില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വന്‍തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ മാര്‍ക്കറ്റ് പുനരാരംഭിക്കും.
ഓണത്തിനോടനുബന്ധിച്ച് കരുതിവച്ച ചരക്കുകളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നശിച്ചുപോയത്. ഏകദേശം 1500 ചാക്ക് അരിയാണ് വെള്ളത്തില്‍ നശിച്ചത്. കൂടാതെ പച്ചക്കറി, മറ്റ് പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെ 10 കോടിയോളം രൂപയുടെ നഷ്ടം വ്യാപാരികള്‍ക്ക് നേരിട്ടിട്ടുണ്ട്. ഏഴ് ലോറി നിറയെ അരിയാണ് മാര്‍ക്കറ്റില്‍ നിന്നും ജെസിബി ഉപയോഗിച്ച് ശുചീകരണത്തിന്റെ ഭാഗമായി ഇന്നലെ നീക്കം ചെയ്തത്. മാര്‍ക്കറ്റില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കും എന്നത് വലിയ പ്രതിസന്ധി ഉയര്‍ത്തിയിരുന്നു.
ഈ അവസരത്തില്‍ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇവിടെ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ ജില്ലാ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റി. പറവൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മാര്‍ക്കറ്റ് ആയതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്. നോഡല്‍ ഓഫിസര്‍ ടിമ്പിള്‍ മാഗിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ക്കറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."