ഒഡിഷയെ കുലുക്കി ഫോനി ചുഴലിക്കാറ്റ്: മൂന്നു പേര് മരിച്ചു
പുരി: ഒഡിഷയില്‍ ആഞ്ഞടിച്ച് ഫോനി ചുഴലിക്കാറ്റ്. കനത്ത നാശം വിതച്ചെത്തിയ ദുരന്തത്തില്‍പ്പെട്ട് മൂന്നു പേര് മരിച്ചു. നിരവധി വൈദ്യുതി തൂണകളും മരങ്ങളും വീണതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുത ബന്ധം താറുമാറായി.
പുരിയിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. കനത്ത മഴയും കാറ്റും ഇവിടെ തുടരുകയാണ്. ആന്ധ്രപ്രദേശിന്റെയും പശ്ചിമബംഗാളിന്റെയും തീരങ്ങളിലും കനത്ത കാറ്റ് അടിച്ചുവീശുന്നുണ്ട്.
തീരപ്രദേശങ്ങളില്‍ നിന്ന് ഒഡിഷ സര്‍ക്കാര്‍ 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ് തുടങ്ങി എല്ലാ സേനയും സജീവമായുണ്ട്.
ഫോനി ചുഴലിക്കാറ്റിനെ നേരിടാന്‍ 1000 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യവും കേന്ദ്രവും ദുരിതബാധിതര്ക്കൊപ്പമുണ്ടാവുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നുവെന്നും മോദി രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞു.
രാജ്യത്ത് ഇരുപത് വര്‍ഷത്തിനു ശേഷമാണ് ഇത്രയും അതിശക്തമായ ചുഴലിക്കാറ്റ് വീശുന്നത്. സുരക്ഷാര്‍ഥം പതിനായിരം ഗ്രാമങ്ങളും 52 പട്ടണങ്ങളും പിന്നാലെ വിമാനത്താവളവും അടച്ചു. കൂടാതെ പാറ്റ്ന - എറണാകുളം എക്സ്പ്രസ്സുള്‍പ്പെടെ കൊല്‍ക്കത്ത - ചെന്നൈ റൂട്ടിലെ 223 തീവണ്ടികള്‍ റദ്ദാക്കി.
ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്.എഫ്), ഒഡീഷ ദുരന്ത ദ്രുതകര്‍മസേന (ഒ.ഡി.ആര്.എഫ്), അഗ്നിശമന സേന തുടങ്ങിയവ രക്ഷാദൗത്യത്തിനായി രംഗത്തുണ്ട്. ഭുവനേശ്വറില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ നിര്‍ത്തിവെച്ചു. കാലാവസ്ഥ അനുകൂലമാകുന്നതോടെയേ ഇവ പുനരാരംഭിക്കൂ. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാന്‍ റെയില്‍വേ മൂന്നു പ്രത്യേക തീവണ്ടികള്‍ ഓടിച്ചു.
20 വര്‍ഷം മുമ്പ് 1999ല്‍ വീശിയ ചുഴലിക്കാറ്റില്‍ പതിനായിരത്തോളം പേരാണ് ഒഡീഷയില്‍ മരിച്ചത്.
ഒഡീഷയിലെ ഗഞ്ജം, ഗജപതി, ഖുദ്ര, പുരി, ജഗത്സിങ്പുര്‍, കേന്ദ്രപഡ, ഭദ്രക്, ജാജ്പുര്, ബാലസോര്‍ എന്നിവിടങ്ങളെയും ബംഗാളിലെ കിഴക്കും പടിഞ്ഞാറും മേദിനിപുര്‍, തെക്കും വടക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, ഝാര്‍ഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളെയും ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളെയും കാറ്റ് ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."