എല്‍.പി-യു.പി എസ്.എ അപേക്ഷകള്‍ കാണാതായ സംഭവം റിപ്പോര്‍ട്ട് നാളെ പി.എസ്.സി ചര്‍ച്ച ചെയ്യും
സാങ്കേതിക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കെ.പി ഖമറുല്‍ ഇസ്‌ലാം
കുറ്റിപ്പുറം: എല്‍.പി-യു.പി സ്‌കൂള്‍ അധ്യാപക തസ്തികയിലേക്ക് ഓണ്‍ലൈനായി നല്‍കിയ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ സാങ്കേതിക സമിതി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് നാളെ പി.എസ്.സി യോഗം ചര്‍ച്ച ചെയ്യും. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പി.എസ്.സി ചെയര്‍മാന്‍ എ.കെ സക്കീറിന് കൈമാറി. അപേക്ഷകള്‍ കാണാതായ സംഭവത്തില്‍ പി.എസ്.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ശരിയായ രീതിയില്‍ അപേക്ഷിക്കാത്തതു കൊണ്ടാണ് പി.എസ്.സിക്ക് ലഭിക്കാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പി.എസ്.സിക്ക് തപാല്‍ വഴിയും ഇ-മെയില്‍ വഴിയും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 157 ഓളം അപേക്ഷകരുടെ പ്രൊഫൈലുകളാണ് സാങ്കേതിക സമിതി പരിശോധനക്ക് വിധേയമാക്കിയത്. എന്നാല്‍, പരാതികാരില്‍ ഒരു ഉദ്യോഗാര്‍ഥിയുടെയും ഓണ്‍ലൈന്‍ അപേക്ഷ പോലും ലഭിച്ചതായി കാണുന്നില്ല. ഈ സാഹചര്യത്തില്‍ പി.എസ്.സിയുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലുളള വിഴ്ച സംഭവിച്ചതായും സര്‍വറില്‍ സാങ്കേതിക പ്രശ്‌നമുളളതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ പി.എസ്.സിക്ക് അപേക്ഷിക്കുമ്പോള്‍ അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാന്‍ പി.എസ്.സി ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ചുളള തീരുമാനം നാളെത്തെ യോഗത്തില്‍ ഉണ്ടായേക്കും. അതേസമയം അപേക്ഷകളുടെ കണ്‍ഫര്‍മേഷന്‍ മെസേജ് നല്‍കാനുളള സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സ്വന്തം പ്രൊഫൈലുകളില്‍ നിന്ന് അപേക്ഷകള്‍ അപ്രത്യക്ഷമായതോടെ നൂറ് കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് കണ്‍ഫര്‍മേഷന്‍ മെസേജ് നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന്റെ പ്രിന്റൗട്ടുമായി എത്തുന്ന പരാതിക്കാരുടെ പ്രശ്‌നം പരിഹരിക്കുമെന്ന് പി.എസ്.സി പറയുന്നുണ്ട്. എന്നാല്‍ പരാതിക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ കൈവശം പ്രിന്റൗട്ട് ഇല്ലാത്തത് തിരിച്ചടിയായിരിക്കുകയാണ്. അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ പി.എസ്.സിയുടെ വെബ് സൈറ്റിലെ സാങ്കേതിക തകരാര്‍ മൂലം പ്രിന്റൗട്ട് എടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."