കാരുണ്യം തേടി മേത്തലയുടെ ജനകീയ മുഖം
കൊടുങ്ങല്ലൂര്‍: പത്ത് വര്‍ഷം മേത്തല പഞ്ചായത്തംഗവും അഞ്ച് വര്‍ഷം കൊടുങ്ങല്ലൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന മാഗി ഔസേപ്പ് ഇന്ന് ഓര്മകളന്യമായി രോഗക്കിടക്കയിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന മാഗി ഔസേപ്പ് കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലാണ്. മനോ ദൗര്‍ബല്യത്തോടൊപ്പം പക്ഷാഘാതം കൂടി വന്നതോടെ ഇവര്‍ ആള്‍ക്കൂട്ടത്തിനും അന്യയായി.
അവിവാഹിതയായ മാഗി മുഴുവന്‍ സമയ സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു. വടക്കെ ഇന്ത്യയിലുള്‍പ്പടെ സന്നദ്ധ സേവനം നടത്തിയിരുന്ന ഇവര്‍ നാട്ടിലെത്തിയ ശേഷം മേത്തലയിലെ കോട്ടപ്പുറം കേന്ദ്രീകരിച്ച് പൊതുപ്രവര്‍ത്തനം നടത്തി വരികയായിരുന്നു.
മാനസികനില തെറ്റിയ സഹോദരി മെറ്റിയോടൊപ്പം മാഗി അഴീക്കോട് മാര്‍ത്തോമ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. സഹോദരന് ആന്റണിയാണ് ഇപ്പോള്‍ ഇവര്‍ക്ക് കൂട്ടായുള്ളത്.
എന്നാല്‍ കോട്ടപ്പുറം ചന്തയില്‍ ചുമട്ട് തൊഴിലാളിയായിരുന്ന ആന്റണിക്ക ആരോഗ്യ പ്രശ്നങ്ങളാല്‍ ഇപ്പോള്‍ തൊഴിലെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാഷ്ട്രീയം സാധ്യതയുടെ ലോകമാണെന്ന് പറയുന്ന നാട്ടില്‍ ഒന്നും നേടാതെ തളര്‍ന്നുവീണ ഈ രാഷ്ട്രീയക്കാരി, അന്യം നിന്നുകൊണ്ടിരിക്കുന്ന നെറിവുള്ള രാഷ്ട്രീയക്കാരുടെ പ്രതീകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."