ദുരിതബാധിതര്‍ക്ക് തത്സമയം റേഷന്‍ കാര്‍ഡ് വിതരണം
വടക്കാഞ്ചേരി: പ്രളയക്കെടുതിയില്‍പ്പെട്ട് റേഷന്‍ കാര്‍ഡുകള്‍ നഷ്ടമായ തലപ്പിള്ളി കുന്നംകുളം താലൂക്കുകളിലെ ദുരിതബാധിതര്‍ക്ക് തത്സമയം കാര്‍ഡ് വിതരണം ചെയ്ത് തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫിസര്‍ എ.കെ സതീഷ് കുമാറും സംഘവും. കാര്‍ഡ് നഷ്ടപ്പെട്ടവരില്‍നിന്ന് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷ രാവിലെ 10 മുതലാണ് സ്വീകരിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ കാര്‍ഡുകളും വിതരണം ചെയ്തു. താലൂക്ക് സപ്ലൈ ഓഫിസ് (വടക്കാഞ്ചേരി), ചൂണ്ടല്‍ പഞ്ചായത്ത് ഓഫിസ്, കുന്നംകുളം മുനിസിപ്പാലിറ്റി ഓഫിസ്, പഴയന്നൂര്‍ പഞ്ചായത്ത് ഓഫിസ്, ജി.എല്‍.പി.എസ് പള്ളം എന്നിവിടങ്ങളിലായിരുന്നു അപേക്ഷ സ്വീകരിച്ചത്.
ദേശമംഗലം കൊറ്റമ്പത്തൂര്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടവര്‍ പള്ളം ഗവ. എല്‍.പി സ്കൂളിലാണ് കഴിയുന്നത്. ഇവിടെയെത്തിയ ഉദ്യോഗസ്ഥര്‍ അപേക്ഷ സ്വീകരിച്ച് ഇവിടെ വച്ചുതന്നെ കാര്‍ഡ് വിതരണം ചെയ്തത് ഏറെ ശ്രദ്ധേയമായി. നിശ്ചിത പ്രൊ ഫോര്മയിലുള്ള അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കാര്‍ഡുകള്‍ നല്‍കിയത്. ഇന്നലെ എട്ടു പേര്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. ദുരന്തത്തില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവരുടെ അപേക്ഷകള്‍ മാത്രമാണ് ഇന്നലെ സ്വീകരിച്ചത്. ക്യാംപ് തുടരുമെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."