വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരേ നടപടിക്കൊരുങ്ങി സി.പി.എം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരേ നടപടിക്കൊരുങ്ങി സി.പി.എം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാനാണ് സി.പി.എം ഒരുങ്ങുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം സി.പി.എം ജില്ലാ കമ്മിറ്റികള്‍ നല്കിയ റിപ്പോര്‍ട്ടില്‍ സംഘടനാ വീഴ്ചകളെ സംബന്ധിച്ചുള്ള നിരവധി പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരം പരാമര്‍ശങ്ങളാണ് ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തത്.
മൂന്ന് മണ്ഡലങ്ങളില്‍ ചില നേതാക്കള്‍ വോട്ട് മറിക്കുന്നതുള്പ്പെടെയുള്ള വന്‍ വീഴ്ചയാണ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുള്ളതായാണ് സൂചന. വോട്ടെണ്ണല്‍ കഴിഞ്ഞ് അന്തിമ തീരുമാനമെടുക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഇക്കുറിയും സി.പി.എം നേതാക്കള്‍ ശശി തരൂരിനു വേണ്ടി വോട്ട് മറിച്ചുവെന്നാണ് ആരോപണം. കോണ്‍ഗ്രസിലെ ഉന്നതനായ ഒരു എം.എല്‍.എ ജില്ലാ സെക്രട്ടറിയോട് സഹായം അഭ്യര്‍ഥിച്ചത് അണികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ജില്ലാ സെക്രട്ടറിക്ക് സ്വാധീനമുള്ള പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ തരൂരിന് പാര്‍ട്ടി വോട്ടുകള്‍ മറിഞ്ഞിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തിയതായാണ് സൂചന.
ഇതു സംബന്ധിച്ച് ചില സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വിഷയം ഉന്നയിച്ചെങ്കിലും വോട്ടെണ്ണല്‍ കഴിയട്ടെന്ന നിലപാടാണ് സെക്രട്ടേറിയറ്റ് എടുത്തത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ പൂര്‍ണ ചുമതല സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു.
തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ടുമറിച്ച് എതിരാളികളെ ജയിപ്പിച്ചാല്‍ ജില്ലാ കമ്മിറ്റി ഉണ്ടാവില്ലെന്ന അന്ത്യശാസനം നേരത്തെ തന്നെ കോടിയേരി ബാലകൃഷ്ണന് നല്‍കിയിരുന്നു. ഇത് മുഖവിലയ്ക്കെടുത്തില്ലെന്നും ആരോപണമുണ്ട്. പത്തനംതിട്ടയിലാകട്ടെ ദേവസ്വംബോര്‍ഡിലെ ഉന്നതന് ഉള്‍പ്പെടെ പാര്‍ട്ടി വോട്ടുകള്‍ മറിച്ചുവെന്നും പ്രാദേശിക ഘടകങ്ങള്‍ നല്കിയ റിപ്പോര്ട്ടിലുണ്ടായിരുന്നതായാണ് സൂചന.
കോട്ടയം ജില്ലാ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടില്‍ ചില പാര്‍ട്ടി ഏരിയാ സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയതായുള്ള ആരോപണമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഇന്നലെ സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."