പത്തുകിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: പത്ത് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ അടക്കം മൂന്നുപേര്‍ ആലപ്പുഴയില്‍ പിടിയിലായി. മലപ്പുറം മേല്‍മുറിയിലെ സുല്‍ഫിക്കര്‍, ചീക്കോട് വട്ടപ്പാറയ്ക്കല്‍ അലവിക്കുട്ടി, ആലപ്പുഴ പുന്നപ്ര സ്വദേശി സാട്ടാ ഷമീര്‍ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. വിവിധ കേസുകളിലായി 10 കിലോ കഞ്ചാവും ഒരു കാറും പിടികൂടി.
കഴിഞ്ഞ ദിവസം അരക്കിലോ കഞ്ചാവുമായി എക്സൈസ് സംഘം ഒരാളെ പിടികൂടിയിരുന്നു. ഇയാളില്‍നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മലപ്പുറം ജില്ലയില്‍ നിന്നും വ്യാപകമായി കഞ്ചാവ് ആലപ്പുഴയിലേക്ക് എത്തുന്നതായി എക്സൈസ് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. പിടിയിലായ മൂന്നു പേരും മലപ്പുറത്ത് നിന്നാണ് കഞ്ചാവ് ആലപ്പുഴയിലേക്ക് എത്തിക്കുന്നത്. സുല്‍ഫിക്കറിനെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പിടികൂടിയത്. സാട്ടാ ഷമീറും അലവിക്കുട്ടിയും വളവനാട് പരിസരത്ത് നിന്നുമാണ് അറസ്റ്റിലായത്. സുല്ഫിക്കറില് നിന്നും ആറ് കിലോ കഞ്ചാവും മറ്റു രണ്ടു പേരില്‍ നിന്നായി രണ്ടു കിലോ കഞ്ചാവ് വീതവും പിടിച്ചെടുത്തു. അലവിക്കുട്ടി കാറിലാണ് കഞ്ചാവുമായി എത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. അഞ്ച് വര്‍ഷത്തില്‍ അധികമായി അലവിക്കുട്ടി കഞ്ചാവ് വില്പന നടത്തി വരുന്നതായി എക്സൈസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."