അതിജീവനത്തിനായി കാരുണ്യവര്‍ഷം
കാസര്‍കോട്: പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന് കൈത്താരൊങ്ങുക്കാന്‍ ജില്ലയെമ്പാടു നിന്നു കൂടുതല്‍ സഹായമെത്തുന്നു. ദുരിതാശ്വാസനിധിയിലേക്കു വിവിധ മേഖലകളില്‍നിന്നു കൂടുതല്‍ സഹായമെത്തുന്നു. കാസര്‍കോട് ചെമ്പകം പൂക്കുമിടം നവമാധ്യമ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ നല്‍കി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് രണ്ടര ലക്ഷം രൂപ നല്‍കി.
പെരിയ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ മാനന്തവാടി മേഖലയില്‍ സമാശ്വാസ പ്രവര്‍ത്തനങ്ങളുമായി കേന്ദ്ര സര്‍വകലാശാലയുടെ എന്‍.എസ്.എസ് സെല്‍. സ്വന്തം കാംപസില്‍ നിന്നു സമാഹരിച്ചതും ഗുജറാത്ത് കേന്ദ്ര സര്‍വലാശാലയിലെ സുഹൃത്തുക്കള്‍ ട്രെയിന്‍ മാര്‍ഗം എത്തിച്ചതുമായ വസ്ത്രങ്ങള്‍, കമ്പിളിപ്പുതപ്പുകള്‍, മരുന്നുകള്‍, ശുചീകരണ ലായനികള്‍, സാനിറ്ററി പാഡുകള്‍, പാക്കേജ്ഡ് ഭക്ഷണ വസ്തുക്കള്‍ എന്നിവ നഗരസഭാ പരിധിയിലെ പെരിവക, ആറാട്ട് തറ, വള്ളിയൂര്‍കാവ് എന്നിവിടങ്ങളില്‍ വിതരണം ചെയ്തു.
'മിഷന്‍ ക്ലീന്‍ വയനാട്' എന്ന പേരില്‍ ജില്ലാ ഭരണകൂടം ഒരുക്കിയ 'മഹാശുചീകരണ യജ്ഞ'ത്തിന്റെ ഭാഗമായി ഈ പരിസരങ്ങളില്‍ വെള്ളം കയറി ചെളിയും അഴുക്കും നിറഞ്ഞ വീടുകളും പരിസര പ്രദേശങ്ങളും വളണ്ടിയര്‍മാര്‍ വൃത്തിയാക്കി. കബനീനദിയുടെ തീരത്തുതാമസിക്കുന്ന പ്രളയം ബാധിച്ച കുടുംബങ്ങള്‍ സന്ദര്‍ശിച്ച് അവരാവശ്യപ്പെട്ട സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നല്‍കി. പ്രളയത്തിന്റെ അവശിഷ്ടങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യവസ്തുക്കള്‍ വേര്‍തിരിച്ചു ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. കിണറുകളിലും കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷനും നടത്തി. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 8000 രൂപയുടെ നോട്ട്ബുക്കുകളും പേനകളും സമ്മാനിച്ചു. പെരിവകയിലുള്ള വയോജന മന്ദിരത്തില്‍ അന്തേവാസികളോടൊപ്പം ഒരു മണിക്കൂര്‍ ചെലവഴിക്കുക കൂടി ചെയ്ത ശേഷമാണ് സംഘം തേജസ്വിനി ഹില്‍സിലുള്ള കാംപസിലേക്കു തിരിച്ചു വന്നത്. മൂന്നു യൂനിറ്റുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട എഴുപതോളം വളണ്ടിയര്‍മാരെ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ് നയിച്ചു. പ്രോഗ്രാം ഓഫിസര്‍ ഡോ. പ്രതീഷ്, സെക്ഷന്‍ അസിസ്റ്റന്റ് ഷീബാ ഡേവിസ്, ശരത്, സലാം എന്നിവരും സംഘത്തെ അനുഗമിച്ചു.
ബദിയടുക്ക: പിലാംകട്ട മുഹമ്മദിന്റെ ഉടമസ്ഥയിലുളളതും കാസര്‍കോട്-പെര്‍ള റൂട്ടില്‍ സര്‍വിസ് നടത്തുന്ന എട്ട് പി.എം.എസ് ബസുകള്‍ പ്രളയദുരിതാശ്വാസനിധിയിലേക്ക് അഞ്ചു ദിവസത്തെ സാന്ത്വനയാത്രയിലൂടെ സമാഹരിച്ച 3,35,484 രൂപയുടെ ചെക്ക് ബസ ്ഉടമയുടെ സഹോദരന്‍ ഖാലിദ്, പി.എം.എസ് ബസ് മാനേജര്‍ ഹാരിസ്, മൊയ്തീന്‍കുട്ടി, ഷാനവാസ് എന്നിവര്‍ ചേര്‍ന്നു ജില്ലാ പൊലിസ് മേധാവി ഡോ.എ. ശ്രീനിവാസന് കൈമാറി.
കുന്നുംകൈ: കുന്നുംകൈ ജി.എല്‍.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി സ്വഫ്‌വ സുവൈബത്ത് തന്റെ നാണയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സ്‌കൂളിലെ പ്രധാനധ്യാപകനു കൈമാറി. കുറുഞ്ചേരി മോഡേണ്‍ ആര്‍ട്‌സ ് സ്‌പോര്‍ട്‌സ് ക്ലബ് ഓണാഘോഷം മാറ്റിവച്ച് അതിന്റെ ചെലവിലേക്കായി സ്വരൂപിച്ച തുക 25000 രൂപ ദുരിതാശ്വാസ നിധിയിലേക്കായി പഞ്ചായത്ത് പ്രസിഡന്റ് പ്രസീതാ രാജനെ ഏല്‍പ്പിച്ചു. വെസ്റ്റ് എളേരി പഞ്ചയത്തിലെ മുഴുവന്‍ മെമ്പര്‍മാരും നല്‍കിയ തുക 40,500 രൂപ പഞ്ചായത്ത് പ്രസിഡന്റ് പ്രസീതാ രാജന്‍ സെക്രട്ടറിക്കു കൈമാറി. ഭീമനടി സ്വദേശി കെ.എന്‍ രാജന്‍ തന്റെ രണ്ടു മാസത്തെ പെന്‍ഷന്‍ തുക ഭീമനടി വില്ലേജ് ഓഫിസര്‍ കെ. മധുസൂദന് ഓഫിസില്‍വച്ച് കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിട്ടയേര്‍ഡ് ഡപ്യുട്ടി തഹസില്‍ദാര്‍ സെബാസ്റ്റാന്‍ പി. അഗസ്റ്റിന്‍ 50000 രൂപയുടെ ചെക്ക് വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുകുമാരനെ ഏല്‍പ്പിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."