അനധികൃത കെട്ടിട നിര്‍മാണം: നാലിടത്ത് വിജിലന്‍സ് പരിശോധന
ഗുരുവായൂര്‍: മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍സ് തെറ്റിച്ച് കെട്ടിട നിര്‍മാണമെന്ന പരാതിയില്‍ വിജിലന്‍സ് സംഘം ഗുരുവായൂരില്‍ നാലിടത്ത് പരിശോധന നടത്തി. തൃശൂര്‍ വിജിലന്‍സ് യൂനിറ്റിലെ സി.ഐ പി.എസ് സുനില്‍, എ.എസ് ഐ സുരേഷ്, ഗ്രേഡ് എസ്.ഐ റോബിന്‍, തൃശൂര്‍ ഡിസ്ട്രിക്ട് ടൗണ്‍ പ്ലാനര്‍ വി.എ ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പുന്നയൂര്‍ക്കുളം സ്വദേശി ശ്രീജിത്താണ് ഗുരുവായൂരില്‍ നിര്‍മാണം നടന്നതും നടന്നു വരുന്നതുമായ ഒന്‍പത് കെട്ടിടങ്ങള്‍ക്കെതിരേ പരാതിയുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്. പരാതികളിലുള്ള നാല് കെട്ടിടങ്ങളിലാണ് ഇന്നലെ വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. മൂന്ന് ലോഡ്ജുകളിലും, ഒരു ഫ്‌ലാറ്റിലുമാണ് സംഘം അളവെടുപ്പ് നടത്തിയത്. പടിഞ്ഞാറെ നട ജംങ്ഷനിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് പുതിയ ലോഡ്ജും, താഴെ കടമുറികളും പണിയാന്‍ നഗരസഭ അനുമതി നല്‍കിയിരുന്നു. ജംങ്ഷന്‍ വികസിപ്പിക്കുന്നതിനായി ആവശ്യമായ ഭൂമി വിട്ടുനല്‍കാമെന്ന ധാരണയില്‍ പുതിയ കെട്ടിട നിര്‍മാണത്തിന് നഗരസഭ ഇളവുകള്‍ നല്‍കിയിരുന്നു.
പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും റോഡ് വികസനത്തിന് ഭൂമി നല്‍കാമെന്ന് പറഞ്ഞ ഭാഗത്തെ പഴയ കെട്ടിടം പൊളിക്കാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്.
നഗരസഭ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നു വരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സില്‍ പരാതി വന്നത്.
ദൂരപരിധി പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റു കെട്ടിടങ്ങള്‍ക്കെതിരേയുള്ള പരാതി. ഡിസ്ട്രിക്ട് ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ വിജിലന്‍സ് കൈക്കൊള്ളുകയെന്ന് വിജിലന്‍സ് സി.ഐ പി.എസ് സുനില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."