തായിഫിലെ ഇസ്‌ലാമിക ചരിത്രശേഷിപ്പുകള്‍ സന്ദര്‍ശിക്കാനെത്തുന്ന ഹാജിമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
ജിദ്ദ: ഇസ്‌ലാമിക് ചരിത്ര ശേഷിപ്പുകള്‍ തേടി തായിഫ് സന്ദര്‍ശിക്കാനെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഹജ്ജ് സീസണ്‍ തുടങ്ങിയതു മുതല്‍ തായിഫിലേക്ക് ഹാജിമാരുടെ വരവ് തുടങ്ങിയിരുന്നു. ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചതോടെ തീര്‍ഥാടകരുടെ വരവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കുറി ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ തായിഫിലേക്ക് തീര്‍ഥാടകരുടെ ഒഴുക്കായിരുന്നു. ദിവസവും ബസ്സുകളിലും ചെറുവാഹനങ്ങളിലുമായി നൂറ് കണക്കിന് ഹാജിമാരാണ് തായിഫിലെത്തുന്നത്. വെള്ളിയാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ ആറ് മുതല്‍ ഉച്ചക്ക് രണ്ട് വരെ തീര്‍ഥാടകരുടെ പ്രവാഹമാണ്. മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പാകിസ്താന്‍, ബംഗ്ലദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഏറെയുമെത്തുന്നത്. ഇതില്‍ പാക്കിസ്താന്‍, ഇന്ത്യ, ബംഗ്ലാദേശ് തീര്‍ഥാടകരാണ് കൂടുതല്‍. തായിഫ് ഇബിനു അബ്ബാസ് മസ്ജിദ് സന്ദര്‍ശിക്കുന്നതിനാണ് ഹാജിമാര്‍ പ്രാമുഖ്യം നല്‍കുന്നത്.
ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രൗഢിയും പൗരാണികതയുടെ അടയാളവും സംയോജിപ്പിച്ച് തായിഫിന്റെ ഹൃദയഭാഗത്ത് ഇബിനു അബ്ബാസ് മസ്ജിദ് തലയുയര്‍ത്തി നില്‍ക്കുന്നു. തായിഫ് സൂഖ് ബലദിന് സമീപമാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ് എന്നു അര്‍ഥം വരുന്ന ' റഈസുല്‍ മുഫസ്സിരീന്‍' എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ട പ്രമുഖ സ്വഹാബി അബ്ദുല്ലാ ബിന്‍ അബ്ബാസ് പ്രവാചകന്റെ വിയോഗാനന്തരം ശിഷ്ടകാലം തായിഫിലാണ് കഴിച്ചുകൂട്ടിയത്. ഇദ്ദേഹത്തിന്റെ പേര്‍ നല്‍കപ്പെട്ട മസ്ജിദിനോട് ചേര്‍ന്ന പ്രശസ്തമായ ലൈബ്രറിയുമുണ്ട്. ഇസ്‌ലാമിന്റ ഗതകാല സ്മരണകള്‍ അടങ്ങിയ ഒട്ടനവധി പുസ്തകങ്ങളുള്ള ഈ ലൈബ്രറി സന്ദര്‍ശിക്കാനും ഹാജിമാര്‍ക്ക് അധികൃതര്‍ സൗകര്യം ചെയ്തിട്ടുണ്ട്. ഇബിനു അബ്ബാസ് മസ്ജിദില്‍ ളുഹര്‍ നമസ്‌കാരം നിര്‍വഹിച്ചാണ് ഭൂരിഭാഗം ഹാജിമാരും തായിഫില്‍ നിന്നും മടങ്ങുന്നത്. മത്‌നയില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള മസ്ജിദ് അല്‍കൂഹ്, മസ്ജിദ് അല്‍ മദ്ഹൂന്‍ എന്നിവടങ്ങള്‍ സന്ദര്‍ശിക്കാനും ഹാജിമാര്‍ സമയം ചെലവഴിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."