സഊദിയിൽ വേതന സുരക്ഷാ നിയമം അവസാന ഘട്ടം ഡിസംബറിൽ; ഒരു തൊഴിലാളിയാണെങ്കിലും ശമ്പളം ബാങ്ക് വഴി മാത്രം
റിയാദ്: സഊദിയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളിയുടെ അവകാശ സംരക്ഷണത്തിന്റെ മുഖ്യ ഭാഗമായ വേതന സുരക്ഷാ നിയമത്തിന്റെ ഏറ്റവും അവസാന ഘട്ടം ഡിസംബർ മുതൽ പ്പ്രാബല്യത്തിൽ വരും. ഒരു തൊഴിലാളി മുതൽ നാല് തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങൾ വേതന സുരക്ഷാ നിയമത്തിലെ അവസാന ഘട്ടത്തിൽ ഉൾപ്പെടുന്നതോടെ രാജ്യത്തെ മുഴുവൻ തൊഴിലാളികളുടെയും വേതനം ഡിസംബർ മുതൽ ബാങ്ക് വഴിയായിരിക്കും നൽകാൻ സാധിക്കുക. ഒരു തൊഴിലാളി മാത്രമാണ് സ്ഥാപനത്തിന് കീഴിലുള്ളത് എങ്കിലും ബാങ്ക് വഴി മാത്രമായിരിക്കും ഇവരുടെ ശമ്പള ഇനി തൊഴിലാളികൾക്ക് നൽകാനാകൂ. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സഊദി തൊഴിൽ സാമൂഹിക മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷാ നിയമത്തിന്റെ പതിനേഴാമത്തെയും അവസാനത്തെയും ഘട്ടമാണ് ഡിസംബറിൽ പ്രാബല്യത്തിൽ വരിക.
പുതിയ നിയമം 1 മുതൽ 4 വരെ ജീവനക്കാർ ജോലി ചെയ്യുന്ന 3,74,000 സ്ഥാപനങ്ങൾക്ക് ബാധകമാകുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളുടെയും വേതനം കൃത്യ സമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനു വേതന സംരക്ഷണ നിയമം സഹായിക്കും. അതോടൊപ്പം തൊഴിൽ തർക്കങ്ങൾ ഉണ്ടാകുകയാണെങ്കിൽ തൊഴിലാളികൾക്ക് കൃത്യമായ വേതനം നൽകിയിട്ടുണ്ടെന്ന് തെളിവ് നൽകാൻ സ്ഥാപന ഉടമകൾക്കും നിയമം സഹായകരമാകുകായും ചെയ്യും. ആദ്യ ഘട്ടത്തിൽ വൻകിട സ്ഥാപനങ്ങൾക്ക് നടപ്പിലാക്കിയ വേതന സുരക്ഷാ നിയമം ഏറ്റവും ഒടുവിലാണ് ഏകാംഗ തൊഴിലാളി വരെയുള്ള സ്ഥാപനങ്ങൾക്ക് ബാധകമാക്കുന്നത്.
വേതന സുരക്ഷാ നിയമം പൂർണ്ണമായും പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്ത് ശമ്പളം ഇനി മുതൽ പണമായി തൊഴിലാളിക്ക് നൽകാൻ സാധിക്കില്ല. പകരം ബാങ്ക് മുഖേന മാത്രമായതിനാൽ തൊഴിലാളിയുടെ വേതന അവകാശത്തിൽ വരുന്ന തർക്കങ്ങൾക്ക് പരിഹാരമാകുകയും ചെയ്യുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."