കിം ജോങ് നാം വധക്കേസ്: വിയറ്റ്നാം വനിതയെയും വെറുതെവിട്ടു
കോലാലംപൂര്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉനിന്റെ അര്‍ധസഹോദരനായ കിം ജോങ് നാം വധക്കേസില്‍ ജയിലിലായിരുന്ന വിയറ്റ്നാം വനിതയെ മോചിപ്പിച്ചു. ദോന്‍ തി ഹുവോങ് എന്ന യുവതിയെയാണ് വെറുതെവിട്ടത്. ഹുവോങും ഇന്തോനേഷ്യക്കാരിയായ സിതി ഐഷയും ചേര്‍ന്ന് കോലാലംപൂരില്‍ വച്ച് നാമിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. സിതി ഐഷയെ കുറ്റവിമുക്തയാണെന്നു കണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ വെറുതെവിട്ടിരുന്നു.
2017 ഫെബ്രുവരി 13ന് കോലാലംപൂരില്‍നിന്ന് മക്കാവുവിലേക്കുള്ള വിമാനത്തിന് ബോര്ഡിങിനുവേണ്ടി കാത്തിരിക്കുകയായിരുന്ന കിം ജോങ് നാമിന്റെ അടുത്തേക്ക് രണ്ടു സ്ത്രീകള്‍ വരുകയും അവരിലൊരാള്‍ അദ്ദേഹത്തിന്റെ മുഖത്ത് എന്തോ വസ്തു തളിക്കുകയോ മണപ്പിക്കുകയോ ചെയ്തുവെന്നാണ് പ്രോസിക്യൂഷന് വാദം.
വിമാനത്താവളത്തിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ ഒരു യുവതി നാമിന്റെ മുഖത്തിനു നേരെ കൈ ഉയര്‍ത്തുന്നത് കാണാം. തുടര്‍ന്നു രണ്ടു സ്ത്രീകളും സ്ഥലം വിടുകയായിരുന്നു.
അതിമാരകമായ വി.എക്സ് എന്ന രാസവസ്തു ശ്വസിച്ച് ബോധംപോയ അദ്ദേഹം ആശുപത്രിയിലെത്തുന്നതിനു മുമ്പേ മരിച്ചിരുന്നു.
കേസില്‍ കുറ്റക്കാരായ നാലു പുരുഷന്മാര് മലേഷ്യയിലേക്കു കടന്നതായി പൊലിസ് പറയുന്നു. ഇവര്‍ക്കെതിരേ ഇന്റര്‍പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."