വീരമലക്കുന്നില്‍ പൈതൃക സംരക്ഷണ വിനോദ സഞ്ചാര കേന്ദ്രത്തിനു സാധ്യത
ചെറുവത്തൂര്‍: വീരമലക്കുന്നില്‍ പ്രകൃതി സൗഹൃദ പൈതൃക സംരക്ഷണ വിനോദ സഞ്ചാര കേന്ദ്രത്തിനു സാധ്യത തെളിയുന്നു. ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചു. ജൈവ വൈവിധ്യത്തിന്റെ കലവറയായ ഇവിടെ പ്രകൃതിക്ക് ഒരുതരത്തിലും കോട്ടം തട്ടാതെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. എം. രാജഗോപാലന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് ഉന്നതതല സംഘം വീരമലക്കുന്നില്‍ സന്ദര്‍ശനം നടത്തി സാധ്യതകള്‍ വിലയിരുത്തിയത്. ഇവിടെ 44 ഏക്കര്‍ സ്ഥലം സോഷ്യല്‍ ഫോറസ്ട്രിയുടെയും 10 ഏക്കര്‍ റവന്യു വകുപ്പിന്റെയും അധീനതയിലാണുള്ളത്. ഇവരെ ഏകോപിപ്പിച്ച് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിയായിരിക്കും ടൂറിസം പദ്ധതി നടപ്പാക്കുക. നിലവില്‍ കുന്നിന്റെ പലഭാഗങ്ങളിലും മണ്ണെടുപ്പ് നടക്കുന്നുണ്ട്. കുന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വീരമലയുടെ രണ്ടുകിലോമീറ്റര്‍ പരിധിയിലെ ജനങ്ങളെ ഉള്‍പ്പെടുത്തി വന സംരക്ഷണ സമിതി രൂപീകരിക്കും.
തെയ്യം, ഭാഷ, ഗാലറി, വയോജന വിശ്രമകേന്ദ്രം, തേജസ്വിനി പുഴയുടെ സാധ്യതകള്‍ ഉപയോഗിച്ചുള്ള ടൂറിസം പദ്ധതികള്‍, ജൈവ ശലഭ ഉദ്യാനം, സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ സംസ്‌കാരവും ഭാഷയും പൈതൃകവും ഉള്‍പ്പെടുത്തിയുള്ള മഴവില്‍ ഗ്രാമം തുടങ്ങിയവയാണ് പരിഗണനയില്‍. നീലേശ്വരം നഗരസഭ, കയ്യൂര്‍-ചീമേനി പഞ്ചായത്ത്, ചെറുവത്തൂര്‍ പഞ്ചായത്ത്, പിലിക്കോട് പഞ്ചായത്തുകളുടെ വിവിധ പൈതൃക-ടൂറിസ്റ്റ് സാധ്യതകളും പരിഗണിച്ച് വീരമല ടൂറിസവുമായി ബന്ധിപ്പിക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചിട്ടുണ്ട്്.
എം.എല്‍.എക്കു പുറമെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പത്മിനി മൊഹന്തി ഐ.എഫ്.എസ്, കലക്ടര്‍ ഡി. സജിത് ബാബു, ഡി.എഫ്.ഒ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ഡി.ടി.പി.സി സെക്രട്ടറി, ആര്‍ക്കിടെക്ട്, തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, വില്ലേജ് ഓഫിസര്‍ തുടങ്ങിയവരാണ് ഉന്നതതല സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."