മലിനമായി കിടക്കുന്ന ഗംഗയെ പരസ്യത്തിലൂടെ 'വെളുപ്പിച്ചെ'ടുക്കാന്‍ മോദി ചെലവിട്ടത് 36 കോടി
ന്യൂഡല്‍ഹി: 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഗംഗാ ശുചീകരണം. എന്നാല്‍ അധികാരത്തിലെത്തിയിട്ട് അഞ്ചുവര്‍ഷമായിട്ടും ഗംഗ ശുദ്ധീകരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിയില്ലെന്ന് മാത്രമല്ല, ശുദ്ധീകരണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനായി കോടികളാണ് മോദി സര്‍ക്കാര്‍ ചെലവഴിച്ചത്.
2014 മുതല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 30 വരെ നാഷനല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ(എന്‍.എം.സി.ജി) കീഴില്‍ ഗംഗ ശുദ്ധീകരിച്ചെന്ന് പ്രചരിപ്പിക്കാനായി മാത്രം 36.47 കോടി രൂപയുടെ പരസ്യമാണ് മോദി സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ നല്‍കിയതെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. 2014-2015 കാലയളവില്‍ എന്‍.എം.സി.ജി പരസ്യത്തിനായി ചെലവിട്ടത് 2.4 കോടിയായിരുന്നെങ്കിലും തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും പരസ്യ തുക വര്‍ധിക്കുകയായിയിരുന്നു. 2015-2016 കാലയളവില്‍ 3.34, 2016-2017 കാലത്ത് 6.79, 2017 -2018 കാലത്ത് 11.7, 2018ലെ ആദ്യ 11 മാസങ്ങളില്‍ മാത്രം 13.23 എന്നിങ്ങനെയാണ് ചെലവിട്ടത്. ഗംഗ ശുചീകരിച്ചെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള വിനിയോഗിച്ച തുക ഓരോ വര്‍ഷവും വര്‍ധിച്ചെന്നും വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യങ്ങള്‍ ഗംഗ ശുദ്ധീകരണ പദ്ധതികളോട് കേന്ദ്രം സ്വീകരിച്ച അനാസ്ഥാ സമീപനങ്ങളും വ്യക്തമാകും.
ബിഹാറിലെ കര്‍മലിചാക്കില്‍ മലിന ജല ശുദ്ധീകരണ പ്ലാന്റ് (എസ്.ടി.പി), സൈദ്പൂരില്‍ അഴുക്കുചാല്‍ നിര്‍മാണം എന്നിവയുടെ തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് 2017 ഒക്ടോബര്‍ 14 പുറത്തിറങ്ങിയ പ്രധാന മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. എസ്.ടി.പി നിര്‍മാണ പദ്ധതിക്കുള്ള ഫണ്ട് 2014 ജൂലൈ 15ന് അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ തറക്കല്ലിടല്‍ കര്‍മത്തിനായി മാത്രം മോദി സര്‍ക്കാര്‍ 2017 ഒക്ടോബര്‍ 14ന് വരെ കാത്തിരുന്നു. പദ്ധതിയുടെ ഉദ്ഘാടത്തിനായി മൂന്നുവര്‍ഷത്തോളം സര്‍ക്കാര്‍ വൈകിപ്പിച്ചത് ഗംഗ ശുചീകരണത്തിലുള്ള സര്‍ക്കാരിന്റെ 'ആത്മാര്‍ത്ഥത' വ്യക്തമാക്കുന്നതാണെന്ന് വിവരാവകാശ രേഖകള്‍ ഉദ്ധരിച്ച് ദി വെയര്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാറിലെ മഹാ സഖ്യ സര്‍ക്കാര്‍ തകര്‍ന്ന് നിതീഷ് കുമാറുമായി കൂട്ടുകെട്ടുണ്ടാക്കുന്നതുവരെ കാത്തിരിക്കുകയായിരുന്നോ എന്ന സംശയവും ഇക്കാര്യത്തില്‍ ഉയരുന്നുണ്ട്.
മാലിന്യങ്ങള്‍ തടായനായി 113 ജൈവ നിരീക്ഷണ സംവിധാനം (ബി.എം.എസ്) സ്ഥാപിക്കാനായി നേരത്ത തീരുമാനിക്കപ്പെട്ടതാണെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല.
2016 ഓഗസ്റ്റ് 13ന് പത്ത് സ്മാര്‍ട്ട് ഗംഗ നഗരങ്ങള്‍ സ്ഥാപിക്കുമെന്ന് ജലസേചന മന്ത്രി ഉമാ ഭാരതി പ്രഖ്യാപിച്ചിരുന്നു.
ഉജ്ജൈന്‍, ഹരിദ്വാര്‍, ഹൃഷികേശ്, മഥുര-വൃന്ദാവന്‍, വാരണാസി, കാണ്‍പൂര്‍, അലഹബാദ്, ലഖ്‌നൗ, പട്‌ന, സാഹിബ്ഗഞ്ജ്, ബൈറക്പൂര് എന്നിയാണ് സ്മാര്‍ട്ട് ഗംഗ സിറ്റികളായി നഗരങ്ങളായി മാറ്റുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ ഈ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാാക്കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."