കോടിയേരി ഒരുക്കിയ കൊലമരം
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്നു കേസില്‍ ആരോപണക്കുരുക്കില്‍ പെട്ടുഴലുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ അതിനെ പ്രതിരോധിക്കുന്നത്, അന്വേഷണം നടക്കട്ടെ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കട്ടെ എന്ന് പറഞ്ഞാണ്. ഒന്നാന്തരം മറുപടി. ഉന്നത നേതാക്കള്‍ തൊട്ട് ചാനല്‍ ചര്‍ച്ചകളിലെ ചാവേറുകള്‍ വരെ പറയുന്നത് ഒരേ മറുപടിയാണ്. അല്ലാതെ മറ്റെന്തു പറയും എന്നാവും മറു ചോദ്യം. എന്റെ മകന്‍ മയക്കുമരുന്നു കേസിലോ സ്വര്‍ണക്കടത്തു കേസിലോ ഉള്‍പ്പെട്ടിട്ടില്ല എന്ന് തലയുയര്‍ത്തിപ്പിടിച്ച് നെഞ്ചൂക്കോടെ പറയാന്‍ മാത്രം ആര്‍ജ്ജവം സഖാവ് കോടിയേരിക്ക് ഇല്ലാതെ പോയതില്‍ വിശേഷിച്ചൊന്നും പറയേണ്ടതില്ല. മക്കള്‍ വേണ്ടാതീനങ്ങളില്‍ ചെന്നുപെടുന്നത് മാതാപിതാക്കന്മാര്‍ക്ക് തടയാന്‍ കഴിയണമെന്നില്ലല്ലോ. സാക്ഷാല്‍ മഹാത്മാ ഗാന്ധി പോലും മകന്‍ ഹരിലാലിന്റെ കാര്യത്തില്‍ അനുഭവിച്ച മനപ്രയാസത്തിനു കണക്കില്ല. എന്നിട്ടാണോ കേരളത്തിലെ ഇടതുമുന്നണി ഭരണം എന്നതിനപ്പുറത്തേക്ക് ഒട്ടും ചിന്തിച്ചിട്ടില്ലാത്ത സഖാവ് കോടിയേരി. അതിനാല്‍ പാര്‍ട്ടിയ്ക്കും സഖാവിനും ഒരേ മറുപടി മാത്രമേ ഉള്ളൂ - അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ, പതിനൊന്നു മണിക്കൂര്‍ നേരം ബിനീഷിനെ ചോദ്യം ചെയ്തുവല്ലോ എന്‍ഫോഴ്‌സ്‌മെന്റു ഡയരക്ടറേറ്റ്, ഈ അന്വേഷണം തുടരട്ടെ, തെളിവുണ്ടെങ്കില്‍ നടപടി എടുക്കട്ടെ. അതാകുന്നു നല്ല ന്യായം.
എന്നാല്‍, മകന്‍ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ അന്വേഷണവിധേയനാവട്ടെയെന്നും തെറ്റു ചെയ്തുവെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നുമുള്ള ഒരു പൊതുപ്രവര്‍ത്തകന്റ നിസ്വാര്‍ഥമായ സത്യസന്ധതയോ മകന്‍ പിഴച്ചുപോയതിലുള്ള ഒരച്ഛന്റെ വ്യഥിത വിലാപമോ അല്ല കോടിയേരിയുടെ പ്രസ്താവനയുടെ രണ്ടാം പാദത്തിലുള്ളത്. തൂക്കിക്കൊല്ലുന്നെങ്കില്‍ തൂക്കട്ടെ എന്നാണ് പറഞ്ഞത്. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ എപ്പോഴാണ് ഒരാളെ തൂക്കിക്കൊല്ലുന്നത് ? അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ നിഷ്ഠുര കൊലക്കേസുകളില്‍. കേരളം ഒന്നടങ്കം ആഗ്രഹിച്ചുവെങ്കിലും ഗോവിന്ദച്ചാമിയുടെമേല്‍ പോലും നടപ്പിലാക്കാന്‍ കോടതിയ്ക്കു സാധിക്കാത്ത ശിക്ഷയാണത്. എന്റെ മോന്‍ അത്ര വലിയ കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ പിന്നെയെന്തിന് അവനെ ശിക്ഷിക്കാന്‍ ലോകമേ നിങ്ങള്‍ക്കിത്ര ആക്രാന്തം എന്നാണ് കോടിയേരി പറയാതെ പറയുന്നത്. സഖാവിന്റെ പ്രസ്താവനയിലെ പദപ്രയോഗങ്ങളുടെ തെരഞ്ഞെടുപ്പും ഭാഷയുടെ കാര്‍ക്കശ്യവും ശരീര ഭാഷയിലെ ഔദ്ധത്യ മുദ്രകളും ശ്രദ്ധിച്ചുവോ നിങ്ങള്‍? പെരുവഴിയില്‍ നെഞ്ചു കാട്ടി നിന്ന് 'എന്നെ തൊടാന്‍ ഉശിരുള്ളവരുണ്ടെങ്കില്‍ വാടാ' എന്ന് അലറി വിളിക്കുന്ന തെരുവു ഗുണ്ടയുടെ പോര്‍വിളിയുയര്‍ത്തുന്ന ശബ്ദധ്വനികളാണ് തൂക്കിക്കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്നീ വാക്കുകള്‍ പുറത്തുവിടുന്നത്. നിയമവ്യവസ്ഥയോടുള്ള പരമ പുഛവും കടുത്ത പരിഹാസവും മറ്റെന്തെങ്കിലും അധമവികാരമുണ്ടെങ്കില്‍ അതും നിറച്ചുവച്ച ഈ വാചകം നീട്ടിവായിച്ചാല്‍ നിങ്ങള്‍ക്ക് ബിനീഷിന്റെ രോമം പോലും തൊടാനാവുകയില്ല എന്ന കുറ്റകരമായ ആത്മവിശ്വാസത്തിലേക്കാണ് എത്തിച്ചേരുക.
തൂക്കിക്കൊന്നോളൂ എന്ന കോടിയേരിയുടെ വെല്ലുവിളി വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത് വൈക്കം മുഹമ്മദ് ബഷീറിന്റെ കുഞ്ഞു താച്ചുമ്മയെ ആണ്. ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലില്‍ കഥാനായികയായ കുഞ്ഞു പാത്തുമ്മയുടെ ഉമ്മയെ. പണവും പത്രാസുമെല്ലാം പോയി അവശയായ സ്ത്രീയാണവര്‍. അഹങ്കാരത്തിന്റെ ശിരോ കിരീടം താഴെ വീണുപോയ കുഞ്ഞു താച്ചുമ്മ അതുമിതം വിളിച്ചു പറയുമ്പോള്‍' ബാപ്പാ പറയും'
നെക്കൊന്ന് മുണ്ടാതിരിക്കാമോ?
ഇരുന്നില്ലേ ചെമ്മീനടിമ മൂക്കീ വലിച്ചു കേറ്റുമോ? എന്നാണ് കുഞ്ഞു താച്ചുമ്മയുടെ മറുചോദ്യം. അതായത് മിണ്ടാതിരുന്നില്ലെങ്കില്‍ മൂക്കില്‍ വലിച്ചു കയറ്റുമോ എന്ന്. കോടിയേരിയുടെ ചോദ്യത്തിന്റെ ആന്തരാര്‍ഥവും മറ്റൊന്നല്ല. കുറ്റം തെളിഞ്ഞാല്‍ നിങ്ങള്‍ തൂക്കിക്കൊല്ലുകയൊന്നുമില്ലല്ലോ, അതിലിത്ര പേടിക്കാതിരിക്കുന്നു എന്നാണ് പറഞ്ഞതിന്റെ വ്യംഗ്യം. തൂക്കിക്കൊല്ലുക, മൂക്കില്‍ വലിച്ചു കേറ്റുക എന്നീ രണ്ടു പ്രയോഗങ്ങളെയും അവ പ്രയോഗിച്ച സാന്ദര്‍ഭിക പശ്ചാത്തലത്തിലാണ് വിശകലനം ചെയ്യേണ്ടത്. അവ തമ്മില്‍ പല സമാനതകളുമുണ്ട്. കുഞ്ഞു താച്ചുമ്മ തികച്ചും നിസ്സഹായയാണെങ്കിലും ഒരിക്കലും വിട്ടു കളയാത്ത അഹങ്കാരത്തോടെയാണ് ഇത് പറയുന്നത്. കോടിയേരിയാകട്ടെ തൂക്കിക്കൊല്ലുന്നത് പോയിട്ട് തന്റെ മകനെ ഒരു കോടതിക്കും തൊടാന്‍ പോലും ആവുകയില്ല എന്ന ഹുങ്കിന്റെ ബലത്തിലും. ചെമ്മീനടിമയ്ക്ക് യാതൊന്നും ചെയ്യാനാവുകയില്ല എന്ന് കുഞ്ഞു താച്ചുമ്മയ്ക്കും നിയമസംവിധാനം ഒന്നും ചെയ്യാനാവുകയില്ല എന്ന് കോടിയേരിക്കും ഉറപ്പുണ്ട്. ഈ സംവിധാനങ്ങളുടെ കഴിവില്ലായ്മയാണ് ഇരുവരുടെയും ബലം.
പൗരബോധമുള്ള ഒരു പൊതുപ്രവര്‍ത്തകന്റെ വിവേകത്തോടെയാണ് മകനെതിരായ ആരോപണങ്ങളോട് പ്രതികരിക്കുന്നതെങ്കില്‍ കോടിയേരി പറയേണ്ടത് ഇങ്ങനെയായിരുന്നുമോ? മകന്‍ ചെയ്തതായി പറയപ്പെടുന്ന തെറ്റിന്റെ പേരില്‍ അവനെ തൂക്കിക്കൊല്ലട്ടെ എന്ന് പറഞ്ഞ് ആരോപണത്തെ ഊതിത്തെറിപ്പിക്കാന്‍ ശ്രമിക്കുകയല്ല ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ചെയ്യേണ്ടത്. അതദ്ദേഹത്തിന് വിശദീകരിച്ചു കൊടുക്കേണ്ടതില്ലല്ലോ. മകന്റെ ട്രാക്ക് റിക്കാര്‍ഡ് എത്ര മാത്രം പ്രോജ്വലമാണെന്നറിയാത്തതല്ലല്ലോ അദ്ദേഹത്തിന്. ഗള്‍ഫിലെവിടെയോ പതിനാലു കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് ഈ മകന്റെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നു. അയാള്‍ നടത്തുന്ന ബിസിനസ് ഇടപാടുകളില്‍ മിക്കവയും ആരോപണങ്ങളുടെ നിഴലിലാണ്. ഇരുണ്ട ചായങ്ങളില്‍ സ്വന്തം മകന്‍ വരച്ചുകാട്ടപ്പെടുമ്പോള്‍, ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടത് അതിനെ നിസ്സാരവല്‍ക്കരിക്കുകയും പരോക്ഷമായി അതിനെ ന്യായീകരിക്കുന്ന തരത്തില്‍ സംസാരിക്കുകയുമാണോ? നിരന്തരമായി അഴിമതിക്കഥകളിലെ കഥാപാത്രങ്ങളാണ് കോടിയേരിയുടെ മക്കള്‍. അവരെ തിരുത്താനുള്ള എന്തെങ്കിലും ശ്രമം അദ്ദേഹം നടത്തിയതിന് നമ്മുടെ മുന്‍പില്‍ തെളിവുകളില്ല. നടത്തിയിരുന്നുവെങ്കില്‍ ഓരോ ദിവസം പുലരുമ്പോഴും മയക്കുമരുന്ന്, കള്ളക്കടത്ത്, സ്ത്രീ പീഡനം തുടങ്ങിയ ആരോപണങ്ങള്‍ അവര്‍ക്ക് ചുറ്റും ഉയര്‍ന്നുവരികയില്ലായിരുന്നു. തൂക്കിക്കൊല്ലുകയും ചെയ്യാതെ തന്നെ സഖാവിന് തന്റെ മക്കളെ നേര്‍വഴിക്കാക്കി രക്ഷിച്ചെടുക്കാമായിരുന്നു. ഇപ്പോള്‍ നടത്തിയതു പോലെയുള്ള പ്രതികരണങ്ങളാണ് അതിന്റെ വഴിയടച്ചു കളഞ്ഞത്.
മകന്‍ വഴി പിഴച്ചുപോയതില്‍ അച്ഛനെന്തു പിഴച്ചു എന്ന് തീര്‍ച്ചയായും ഇതിനൊരു മറുചോദ്യമുണ്ട്. ചോദ്യം ന്യായവുമാണ്. ബിനീഷ് കോടിയേരിയുടെ ബിസിനസില്‍ സഖാവ് കോടിയേരിക്ക് ഒരു പങ്കുമില്ല. അയാള്‍ക്ക് അയാളുടെ ലോകം- എന്നു പറയാവുന്ന മട്ടിലല്ല പക്ഷേ സഖാവ് കോടിയേരിയുടെ നില്‍പ്, സ്വന്തം ചിറകിന്റെ തണല്‍ നല്‍കി അവരെ സംരക്ഷിച്ചു നിര്‍ത്തുകയാണ് പാര്‍ട്ടി സെക്രട്ടറി. കോടിയേരിയുടെ രണ്ടു മക്കളും സജീവ പാര്‍ട്ടി പ്രവര്‍ത്തകരാണ്. എസ്.എഫ്.ഐയുടെ സമരമുഖങ്ങളില്‍ ജ്വാല പടര്‍ത്തിക്കൊണ്ടിരുന്നവരാണ്. വിപ്ലവത്തിന്റെ രക്ത നക്ഷത്രങ്ങള്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് 23നു സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര നയങ്ങള്‍ക്കെതിരായി ദേശവ്യാപകമായി പ്രതിഷേധ സമരം നടത്തിയിരുന്നുവല്ലോ. സ്വന്തം വീട്ടുകളില്‍ ബാനറും പ്ലക്കാര്‍ഡുകളും മറ്റുമായി കുത്തിയിരുന്നു കൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം. തിരുവനന്തപുരം മരുതംകുഴിയിലുള്ള സ്വന്തം വീട്ടില്‍, ഭാര്യയോടൊപ്പം കേന്ദ്രവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുയര്‍ത്തി കോടിയേരിയും ചെയ്തു സമരം. അതേ ആവേശത്തോടെ തൊട്ടടുത്തിരുന്ന സമര സഖാവാണ് ബിനീഷ് കൂടെ ഭാര്യ റെനീറ്റയും കുഞ്ഞുമോളുമുണ്ട്. അതായത് കമ്മ്യൂണിസ്റ്റുകാരായ കോടിയേരി കുടുംബം ഒന്നിച്ച്, ഒറ്റക്കെട്ടായി, ഒരേ രക്തമാര്‍ന്നൊരേ ലഹരിയില്‍ സമരം ചെയ്യുകയായിരുന്നു. പഴയ കാലത്ത് കമ്മ്യൂണിസ്റ്റ് കുടുംബങ്ങള്‍ ഒട്ടും ചാഞ്ചല്യമില്ലാതെ നിലനിര്‍ത്തിപ്പോന്ന സമരവീര്യത്തേയും ആവേശോജ്വല പാരമ്പര്യത്തേയും ഓര്‍മ്മിപ്പിച്ചു പത്രങ്ങളില്‍ അച്ചടിച്ചു വന്ന ചിത്രങ്ങള്‍. ഈ ചിത്രത്തില്‍ കണ്ട ഒരു സമരപ്പോരാളിയെ പതിനൊന്നു മണിക്കൂര്‍ നേരം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്തത് വിപ്ലവ ലഹരിയുമായി ബന്ധപ്പെട്ടുകൊണ്ടല്ല മറ്റേതൊക്കെയോ ലഹരികളെച്ചൊല്ലിയാണ് എന്നതത്രേ സംഭവത്തിലെ ഐറണി. ചാനല്‍ ചര്‍ച്ചകളിലുടനീളം അപഹസിക്കപ്പെടുന്നത് ഈ സമര സഖാവാണെന്നത് കോടിയേരിക്ക് എങ്ങനെയാണ് ഉള്‍ക്കൊള്ളാനാവുന്നത്? ഇത്തരം സമരപുളകങ്ങളുടെ നേര്‍ അവകാശിയായ സഖാവ് കോടിയേരിക്ക് എങ്ങനെ പറയാന്‍ കഴിയും മകനെ തെറ്റുണ്ടെങ്കില്‍ തൂക്കിക്കൊല്ലട്ടെ എന്ന പരിഹാസ വചനം? ബിനീഷിനെതിരേ ഉയര്‍ന്ന ആരോപണങ്ങളുണ്ടാക്കിയ കറുത്ത നിഴല്‍പ്പാടുകളില്‍ നിന്ന് പാര്‍ട്ടിക്ക് എങ്ങനെ ഒഴിഞ്ഞുമാറാന്‍ കഴിയും? തൂക്കിക്കൊന്നോളൂ എന്ന് തമാശ പറഞ്ഞാല്‍ മകന്‍ വരുത്തിവച്ച ചീത്തപ്പേര് ഒഴിഞ്ഞു പോവുമോ?
നേതാക്കളുടെ മക്കളുടെ പേരില്‍ ഉന്നയിക്കപ്പെട്ട അഴിമതിയാരോപണങ്ങള്‍ മാധ്യമങ്ങള്‍ പലപ്പോഴും ചര്‍ച്ചയാക്കിയിട്ടുണ്ട്. മൊറാര്‍ജി ദേശായിയുടെ മകന്‍ കാന്തി ദേശായിയും ജ്യോതി ബസുവിന്റെ മകന്‍ ചന്ദന്‍ ബസുവും ഇങ്ങനെ ചീത്തപ്പേരുണ്ടാക്കിയവരാണ്. പക്ഷേ മൊറാര്‍ജിയോ ജ്യോതി ബസുവോ തൂക്കിക്കൊല്ലട്ടെ എന്നു പറഞ്ഞ് നീതിന്യായ - നിയമപാലന സ്ഥാപനങ്ങളെ അപഹസിച്ചിട്ടില്ല. കോടിയേരി അതും ചെയ്തു. ഈ പ്രവൃത്തിയായിരിക്കാം ഒരുപക്ഷേ, സി.പി.എമ്മിന്റെ മങ്ങിയ പ്രതിച്ഛായയുടെ ശവപ്പെട്ടിക്കുമേല്‍ അടിച്ചിറക്കുന്ന അവസാനത്തെ ആണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."